കാസർകോട്- "ഇയാളെ കൊണ്ട് വഴിനടക്കാൻ കഴിയുന്നില്ല സാർ, എന്തെങ്കിലും നടപടിയെടുത്തില്ലെങ്കിൽ പലർക്കും എന്നെ പോലെ ദുരനുഭവം ഉണ്ടാകും ." ഇന്നലെ കുമ്പള പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയ ഒരു ഹയർ സെക്കണ്ടറി വിദ്യാർത്ഥിനി വാക്കാൽ നൽകിയ പരാതിയാണിത്. ആദ്യം ഒന്നു അമ്പരന്നുവെങ്കിലും വനിതാ പോലീസ് പെൺകുട്ടിയോട് വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് സംഭവത്തിൻ്റെ ഗൗരവം പോലീസിനു മനസിലായത്. ഇതേ തുടർന്ന് പോലീസ് മൊഗ്രാലിൽ എത്തി സ്ഥലത്തുള്ള വിവിധ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു. വിദ്യാർത്ഥിനി പറഞ്ഞ കാര്യം ശരിയാണെന്നു ഉറപ്പു വരുത്തിയപ്പോൾ പോലീസും ഞെട്ടി. എഴുപതു വയസു തോന്നിക്കുന്ന അളാണ് റോഡരുകിൽ കൂടി നടന്നു പോകുന്ന വിദ്യാർത്ഥിനികൾക്ക് പേടി സ്വപ്നമായി മാറിയിരിക്കുന്നത്. സ്കൂൾ വിട്ട് വീടുകളിലേയ്ക്ക് നടന്നു പോകുന്ന പെൺകുട്ടികളുടെ അരികിലെത്തി ശരീരത്തിൽ സ്പർശിച്ച് ആനന്ദം കണ്ടെത്തുകയാണ് ഇയാളുടെ വിനോദം. നിരവധി വിദ്യാർത്ഥിനികൾ ഇയാളുടെ ശല്യത്തിനു ഇരയായിട്ടുണ്ടെങ്കിലും നാടക്കേടും, ഭയവും കാരണവും ആരും പറഞ്ഞിരുന്നില്ല. സി.സി.ടി.വിയിൽ നിന്നു ലഭിച്ച ദൃശ്യങ്ങളുടെ സഹായത്തോടെ ഞരമ്പ് രോഗിയായ വൃദ്ധനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.