അബഹ - അസീർ പ്രവിശ്യയിലെ ദിൽഅ് ചുരം റോഡിൽ നിയന്ത്രണം വിട്ട ലോറിയിൽ നിന്ന് വിദേശിയായ ഡ്രൈവർ സാഹസികമായി പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ചുരം ഇറങ്ങുന്നതിനിടെയാണ് ബ്രെയ്ക്ക് പൊട്ടി ചരക്ക് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടത്. ഇതോടെ ഡ്രൈവർ ഡോർ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഡ്രൈവറില്ലാതെ അൽപദൂരം മുന്നോട്ടുപോയ ശേഷം റോഡ് സൈഡിൽ ഇടിച്ച് ലോറി മറിഞ്ഞു.
നല്ല തിരക്കുള്ള സമയത്താണ് ലോറി അപകടത്തിൽ പെട്ടതെങ്കിലും ഭാഗ്യം കൊണ്ട് മറ്റു വാഹനങ്ങളിലൊന്നും കൂട്ടിയിടിക്കാതിരുന്നതിനാൽ ദുരന്തം ഒഴിവായി. നിയന്ത്രണം വിട്ട ലോറിയുടെയും ലോറിയിൽ നിന്ന് ഡ്രൈവർ പുറത്തേക്ക് ചാടിരക്ഷപ്പെടുന്നതിന്റെയും ലോറി റോഡ് സൈഡിൽ ഇടിച്ച് മറിയുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ലോറിയുടെ തൊട്ടുപിന്നിൽ സഞ്ചരിച്ച കാറിലെ ഡാഷ്ക്യാം ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.