Sorry, you need to enable JavaScript to visit this website.

കേരള വർമയിൽ എസ്.എഫ്.ഐ തന്നെ; റീ കൗണ്ടിങിൽ അനിരുദ്ധൻ മൂന്ന് വോട്ടിന് വിജയിച്ചു

തൃശൂർ - വിവാദമായ കേരളവർമ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ ചെയർമാൻ സ്ഥാനം എസ്.എഫ്.ഐക്കു തന്നെ. ഹൈക്കോടതി നിർദേശപ്രകാരം ചെയർമാൻ സ്ഥാനത്തേക്ക് നടത്തിയ റീ കൗണ്ടിങ്ങിൽ മൂന്ന് വോട്ടിനാണ് എസ്.എഫ്.ഐയിലെ കെ.എസ് അനിരുദ്ധൻ വിജയിച്ചത്. അനിരുദ്ധന് 892ഉം ശ്രീക്കുട്ടന് 889ഉം വോട്ടാണ് ലഭിച്ചത്.
 കെ.എസ്.യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ ഹൈക്കോടതി തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി മാനദണ്ഡങ്ങൾ അനുസരിച്ച് റീ കൗണ്ടിങ് നടത്താൻ ഉത്തരവിടുകയായിരുന്നു. വോട്ട് ആദ്യം എണ്ണിയതും റീ കൗണ്ടിങ് നടത്തിയതും നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് വിലയിരുത്തിയായിരുന്നു ഹൈക്കോടതി ഉത്തരവ്.
 റീ കൗണ്ടിംഗ് സമയത്ത് വൈദ്യുതി ബോധപൂർവ്വം തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും ഹർജിയിൽ എതിർ സ്ഥാനാർത്ഥി ആരോപിച്ചിരുന്നു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കൗണ്ടിങ് പൂർത്തിയായപ്പോൾ ആദ്യം കെ.എസ്.യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചിരുന്നു. പിന്നാലെ റീ കൗണ്ടിങിൽ എസ്.എഫ്.ഐ സ്ഥാനാർത്ഥി 11 വോട്ടുകൾക്ക് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കെ.എസ്.യു അട്ടിമറി ആരോപിച്ച് രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ മാസം ഒന്നിനായിരുന്നു തെരഞ്ഞെടുപ്പ്. ആദ്യം വോട്ടെണ്ണിയപ്പോൾ ശ്രീക്കുട്ടന് 896 വോട്ടും എസ്.എഫ്.ഐയുടെ അനിരുദ്ധന് 895 വോട്ടുമായിരുന്നു ലഭിച്ചത്. തുടർന്ന് എസ്എഫ്‌ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടത്തുകയും അനിരുദ്ധൻ 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു. കോടതി നിർദേശാനുസരണം ഇന്ന് വോട്ടെണ്ണിയപ്പോൾ അനിരുദ്ധൻ മൂന്ന് വോട്ടുകൾക്ക് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

Latest News