ന്യൂദല്‍ഹി- തൃണമൂല്‍ കോണ്‍ഗ്രസ് എം. പി മഹുവ മൊയ്ത്രയെ പുറത്താക്കാന്‍ ശിപാര്‍ശ ചെയ്യുന്ന ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് തിങ്കളാഴ്ച ലോക്സഭയില്‍. വിനോദ് കുമാര്‍ സോങ്കര്‍ പാനലിന്റെ ആദ്യ റിപ്പോര്‍ട്ടാണ് സഭയുടെ മേശപ്പുറത്ത് വെക്കുക.
നേരത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കോണ്‍ഗ്രസ് എം. പി. പ്രണീത് കൗര്‍ ഉള്‍പ്പെടെ ആറ് അംഗങ്ങളാണ് റിപ്പോര്‍ട്ടിന് അനുകൂലമായി വോട്ട് ചെയ്തത്. പ്രതിപക്ഷ പാര്‍ട്ടികളുടെ പാനലിലെ നാല് അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ടിനെ പ്രതിപക്ഷ അംഗങ്ങള്‍ നിശ്ചയിച്ചുറപ്പിച്ച കളി എന്നാണ് വിശേഷിപ്പിച്ചത്. സമിതി അവലോകനം ചെയ്ത ബി. ജെ. പി. ലോക്‌സഭാ അംഗം നിഷികാന്ത് ദുബെ സമര്‍പ്പിച്ച പരാതിയുമായി ബന്ധപ്പെട്ട തെളിവുകളൊന്നും അനുകൂലിക്കുന്നില്ലെന്നും പറഞ്ഞു.
സമിതിയുടെ ശുപാര്‍ശക്ക് അനുകൂലമായി സഭ വോട്ട് ചെയ്താല്‍ മഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍ നിന്നും പുറത്താക്കാന്‍ സാധിക്കും. തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 22 വരെ തുടരും.