ഹൈദരാബാദ്- തെലങ്കാനയിൽ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് ചുമതല നിർവഹിച്ചുകൊണ്ടിരിക്കെ നാഗാർജുന സാഗർ അണക്കെട്ടിലേക്ക് ആന്ധ്രപ്രദേശ് ഉദ്യോഗസ്ഥർ ഇരച്ചെത്തി വെള്ളം തുറന്നുവിട്ടത് സംബന്ധിച്ച സംഘർഷം തുടരുന്നു. സംഭവം ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ചെ 2 മണിയോടെയാണ് മിക്ക തെലങ്കാന ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പിന്റെ തിരക്കിലായിരിക്കുമ്പോൾ, 700 ഓളം ആന്ധ്രാ പോലീസുകാർ പദ്ധതിയിലേക്ക് ഇരച്ചുകയറുകയും കനാൽ തുറന്ന് മണിക്കൂറിൽ 500 ക്യുസെക്സ് വെള്ളം തുറന്നുവിടുകയും ചെയ്തത്.
ഞങ്ങൾ കുടിവെള്ള ആവശ്യങ്ങൾക്കായി കൃഷ്ണ നദിയിലെ നാഗാർജുനസാഗർ കനാലിൽ നിന്ന് വെള്ളം തുറന്നുവിടുകയാണെന്ന് ആന്ധ്രാപ്രദേശ് സംസ്ഥാന ജലസേചന മന്ത്രി അമ്പാട്ടി രാംബാബു വ്യാഴാഴ്ച രാവിലെ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ആന്ധ്രാപ്രദേശും തെലങ്കാനയും തമ്മിലുള്ള കരാർ പ്രകാരം സംസ്ഥാനത്തിന് അവകാശപ്പെട്ട ജലം മാത്രമാണ് തങ്ങൾ എടുത്തിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
'ഞങ്ങൾ ഒരു ഉടമ്പടിയും ലംഘിച്ചിട്ടില്ല. 66% കൃഷ്ണ ജലം ആന്ധ്രാപ്രദേശിനും 34% തെലങ്കാനയ്ക്കും അവകാശപ്പെട്ടതാണ്. ഞങ്ങളുടേതല്ലാത്ത ഒരു തുള്ളി വെള്ളം പോലും ഞങ്ങൾ ഉപയോഗിച്ചിട്ടില്ല. ഞങ്ങളുടെ പ്രദേശത്ത് ഞങ്ങളുടെ കനാൽ തുറക്കാൻ ഞങ്ങൾ ശ്രമിച്ചു. ഈ വെള്ളം ഞങ്ങളുടേതാണ്- രാംബാബു മാധ്യമങ്ങളോട് പറഞ്ഞു.
സംഘർഷം ആളിക്കത്തുന്ന സാഹചര്യത്തിൽ, നവംബർ 28 മുതൽ നാഗാർജുന സാഗർ ജലം വിട്ടുനൽകുന്നത് പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രം ഇരു സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവയുമായുള്ള വീഡിയോ കോൺഫറൻസിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. പദ്ധതിക്ക് ഇരു സംസ്ഥാനങ്ങളും സമ്മതം അറിയിച്ചിട്ടുണ്ട്.
കൂടുതൽ സംഘർഷം ഒഴിവാക്കാൻ, അണക്കെട്ടിന് മേൽനോട്ടം വഹിക്കുന്ന സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) കരാർ പ്രകാരം ഇരുഭാഗത്തും വെള്ളം ലഭിക്കുന്നുണ്ടെന്ന് മേൽനോട്ടം വഹിക്കും.
ആന്ധ്രാപ്രദേശിൽ നിന്നുള്ള അഞ്ഞൂറോളം സായുധ പോലീസുകാർ നാഗാർജുന സാഗർ അണക്കെട്ടിലെത്തി സിസിടിവി ക്യാമറകൾ കേടുവരുത്തുകയും ഗേറ്റ് നമ്പർ 5ലെ ഹെഡ് റെഗുലേറ്ററുകൾ തുറന്ന് 5000 ക്യുസെക്സ് വെള്ളം തുറന്നുവിടുകയും ചെയ്തതായി തെലങ്കാന ചീഫ് സെക്രട്ടറി ശാന്തികുമാരി ആരോപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.