കൊല്ലം - തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുഖ്യപ്രതി പത്മകുമാറിന്റെ മകളും മൂന്നാം പ്രതിയുമായ അനുപമയ്ക്ക് പ്രതിമാസം 3.8 ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ യൂട്യൂബില്‍ നിന്ന് വരുമാനം കിട്ടിയിരുന്നുവെന്ന് എ ഡി ജി പി എം. ആര്‍ അജിത്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അനുപമ പത്മന്‍ എന്ന പേരിലാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. വളരെ നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന അനുപമ ഇംഗ്ലീഷിലാണ് യൂട്യൂബില്‍ വീഡിയോ ചെയ്തിരുന്നത്. എന്നാല്‍ ഒന്നര മാസം മുന്‍പ് യൂട്യൂബ് അനുപമയുടെ ചാനല്‍ ഡീമോണിറ്റൈസ് ചെയ്തു. ഇതോടെ വരുമാനം പൂര്‍ണ്ണമായും നിലച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോയി പണമുണ്ടാക്കാമെന്ന അമ്മയുടെ ആശയത്തോട് ആദ്യം എതിര്‍പ്പു പ്രകടിപ്പിച്ചിരുന്ന അനുപമ തന്റെ വരുമാനം നിലച്ചതോടെ ഇതിനെ അനുകൂലിക്കുകയായിരുന്നു. അങ്ങനെയാണ് തട്ടിക്കൊണ്ടു പോകലിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ നടത്തിയത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വെച്ച് രണ്ടു മൂന്ന് തവണ വിവിധ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ കുടുംബം ശ്രമിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ നടന്നില്ല. അഭിഗേല്‍ സാറയെ ഇതിന് മുന്‍പും നോട്ടമിട്ടിരുന്നെങ്കിലും അന്ന് കുട്ടിയുടെ അമ്മ കൂടെയുണ്ടായിരുന്നതിനാല്‍ നടന്നില്ല. സംഭവ ദിവസം കാറില്‍ കയറ്റിയ കുട്ടിയെ ഇവര്‍ നേരെ ചാത്തന്നൂരിലെ വീട്ടിലേക്കാണ് എത്തിച്ചത്. അന്വേഷണം വഴി തിരിച്ചുവിടാന്‍ പോലീസ് കസ്റ്റഡിയിലായ സമയത്ത് പോലും പത്മകുമാര്‍ ശ്രമിച്ചെന്ന് എ ഡി ജി പി പറഞ്ഞു. പത്മകുമാറിന്റെ ഭാര്യ അനിതാകുമാരിയാണ് തട്ടിക്കൊണ്ടു പോകല്‍ ആശയത്തിന്റെ ബുദ്ധി കേന്ദ്രം ഇവര്‍ ഒരു വര്‍ഷം മുന്‍പ് തന്നെ ഈ ആശയം മുന്നോട്ട് വെയ്ക്കുകയും അത് നടപ്പാക്കാനായി കാത്തിരിക്കുകയും ചെയ്തിരുന്നു.