Sorry, you need to enable JavaScript to visit this website.

'കഷണ്ടി മാമനെ' തിരിച്ചറിഞ്ഞ് കുട്ടി; തട്ടിക്കൊണ്ടുപോകലിലെ മുഖ്യപ്രതി പത്മകുമാറെന്ന് പോലീസ്, രാത്രി താമസിച്ച വീടും കണ്ടെത്തി

കൊല്ലം - ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യ ആസൂത്രകൻ ചാത്തന്നൂർ സ്വദേശി പത്മകുമാറെന്ന് പോലീസ്. പണം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത് പത്മകുമാറിന്റെ ഭാര്യയാണോ അതോ നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിന് ഇരയായ യുവതിയാണോ എന്നും സംശയമുണ്ട്.
 അതിനിടെ, പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. മാതാപിതാക്കൾക്കൊപ്പം വീട്ടിൽ തിരിച്ചെത്തിയ ഉടനെ കുട്ടി 'കഷണ്ടിയുള്ള മാമൻ' എന്ന് വിശേഷിപ്പിച്ചയാൾ പത്മകുമാർ തന്നെയാണന്നെ് ആറുവയസുകാരിയിൽനിന്ന് സ്ഥിരീകരിച്ചതായാണ് പോലീസിൽനിന്ന് ലഭിക്കുന്ന വിവരം.
 അന്വേഷണ ഉദ്യോഗസ്ഥർ വീട്ടിലെത്തി 11 ചിത്രങ്ങളാണ് കുട്ടിയെ കാണിച്ചത്. പത്മകുമാറിനൊപ്പം കസ്റ്റഡിയിലെടുത്ത സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും തിരിച്ചറിഞ്ഞിട്ടില്ല. എന്നാൽ, പത്മകുമാറിന്റെ കളർ ചിത്രങ്ങൾ കാണിച്ചുടനെ കുട്ടി 'ഇതാണ് താൻ പറഞ്ഞ കഷണ്ടിയുള്ള മാമനെന്ന്' പറഞ്ഞതായാണ് സ്ഥിരീകരണം.
 തട്ടിക്കൊണ്ടുപോയ ദിവസം രാത്രി കുട്ടിയെ താമസിപ്പിച്ച ഓടിട്ട വീടും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല്ലം ചാത്തന്നൂരിന് സമീപമുള്ള ചിറക്കരയിലാണ് ഈ വീട്. ഡിവൈ.എസ്.പിയും വനിതാ സി.പി.ഒയും കുട്ടിയെ കൂടുതൽ ചിത്രങ്ങൾ കാണിച്ച് തെളിവെടുപ്പ് തുടരുകയാണ്.
  കുട്ടിയുടെ പിതാവ് റെജിയോടുളള വൈരാഗ്യത്തിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോയതെന്ന് പത്മകുമാർ സമ്മതിച്ചിട്ടുണ്ട്. കുട്ടിയെ തട്ടികൊണ്ടുപോകാൻ മറ്റൊരു സംഘം സഹായിച്ചുവെന്നും തന്റെ ഭാര്യക്കും മകൾക്കും ഇതിൽ പങ്കില്ലെന്നുമാണ് പത്മകുമാറിന്റെ മൊഴി. മകളുടെ നഴ്‌സിങ് പ്രവേശനത്തിന് റെജിക്ക് അഞ്ചുലക്ഷം രൂപ നൽകിയെങ്കിലും സീറ്റും പണവും ഉണ്ടായില്ലെന്നും പത്മകുമാർ പറയുന്നു. കുട്ടിയെ ഉപദ്രവിക്കാൻ പദ്ധതിയുണ്ടായിരുന്നില്ലെന്നും കുടുംബത്തെ പേടിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും പത്മകുമാർ മൊഴി നൽകിയെങ്കിലും പോലീസ് അപ്പടി വിശ്വസിച്ചിട്ടില്ല. എന്നാൽ, സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റു പ്രതികൾ ആരാണെന്നതിൽ വ്യക്തത ലഭിച്ചിട്ടില്ല. 
 കാറിൽ ഒരു സ്ത്രീയടക്കം നാല് പേർ ഉണ്ടായിരുന്നെന്ന് കുട്ടിയുടെ സഹോദരൻ നേരത്തെ പറഞ്ഞിരുന്നു. സംഭവം നടന്ന് അഞ്ചാം ദിവസമാണ് ചാത്തന്നൂർ സ്വദേശികളെ ഇന്ന് തെങ്കാശി പുളിയറയിൽ വച്ച് കൊല്ലം സിറ്റി പോലീസിന്റെ ഷാഡോ ടീം കസ്റ്റഡിയിലെടുത്തത്. ഇവർ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് പോലീസ് വലയിലായത്. പത്മകുമാറിന്റെ ഭാര്യ എം.ആർ അനിതകുമാരി, മകൾ അനുപമ എന്നിവരെയും ചോദ്യം ചെയ്ത് കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിക്കൊണ്ടിരിക്കുകയാണ് അന്വേഷണ സംഘം.
 കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം പ്രതികൾ സഞ്ചരിച്ചുവെന്ന് കരുതുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തതിൽ നിന്നാണ് പല നിർണായക നീക്കങ്ങൾക്കും പോലീസിന് കൂടുതൽ ബലം ലഭിച്ചത്.

Latest News