ന്യൂദല്‍ഹി- പത്ത്, പന്ത്രണ്ട് ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഡിവിഷനും ഡിസ്റ്റിംഗ്ഷനും നല്‍കില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ). പരീക്ഷ കണ്‍ട്രോളര്‍ സന്യം ഭരദ്വാജാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വിദ്യാര്‍ഥികളുടെ മാര്‍ക്ക് കണക്കാക്കുന്നതിനുള്ള മികച്ച അഞ്ച് വിഷയങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം പ്രവേശനം നേടുന്ന കോളേജിന് മാത്രമായിരിക്കുമെന്നും സന്യം ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു. ഒരു ഉദ്യോഗാര്‍ഥി അഞ്ചില്‍ കൂടുതല്‍ വിഷയങ്ങളില്‍ മികിച്ച മാര്‍ക്ക് നേടിയിട്ടുണ്ടെങ്കില്‍ ഏറ്റവും മികച്ച അഞ്ച് വിഷയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അധികാരം പ്രവേശനം നല്‍കുന്ന സ്ഥാപനത്തിനോ തൊഴിലുടമക്കോ ആയിരിക്കും. കൂടാതെ, ബോര്‍ഡ് ശതമാനം കണക്കാക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്യില്ല. ഉയര്‍ന്ന വിദ്യാഭ്യാസത്തിനോ ജോലിയിലോ മാര്‍ക്കിന്റെ ശതമാനം ആവശ്യമാണെങ്കില്‍ പ്രവേശനം നല്‍കുന്ന സ്ഥാപനത്തിനോ തൊഴില്‍ നല്‍കുന്ന തൊഴിലുടമക്കോ അത് കണക്കാക്കാം. ബോര്‍ഡ് പരീക്ഷകളിലെ വിദ്യാര്‍ഥികളുടെ ശതമാനം കണക്കാക്കുന്നതിനുള്ള മാനദണ്ഡം ചോദ്യം ചെയ്തുള്ള പരാതികള്‍ക്ക് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഫെബ്രുവരി 15 മുതല്‍ പരീക്ഷ നടത്തുമെന്ന് ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു.