ന്യൂഡൽഹി - രാജ്യത്ത് ഏകസിവിൽ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായ ഉൾപ്പെടെയുള്ളവരുടെ ഒരുകൂട്ടം ഹരജികൾ ഡൽഹി ഹൈക്കോടതി തള്ളി. നിയമ കമ്മിഷന്റെ പരിഗണനയിലുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് നിമി പുഷ്‌കർന എന്നിവരാണ് ഹരജികൾ പരിഗണിച്ചത്. നിയമനിർമാണം പാർലമെന്റിന്റെ പരിധിയിൽ വരുന്നതാണെന്നും അതിൽ കോടതിക്ക് നിർദേശം നൽകാനാവില്ലെന്നുമുള്ള, ഏപ്രിലിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി ഉദ്ധരിച്ചു.
നിയമ കമ്മിഷൻ ഏകസിവിൽ കോഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണിക്കുമ്പോൾ അതിൽ ഇടപെടുന്നത് കമ്മിഷന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തലാണെന്നും നിർദേശങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ നിയമ കമ്മിഷന് സമർപ്പിക്കാമെന്നും ഹരജി തള്ളി കോടതി ചൂണ്ടിക്കാട്ടി.