ഇംഫാല്‍- മണിപ്പൂരില്‍ ഉഖ്രുള്‍ നഗരത്തിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയില്‍ അജ്ഞാത ആയുധ സംഘം ഇരച്ചു കയറി 18.85 കോടി രൂപ കൊള്ളയടിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് ഞെട്ടിക്കുന്ന സംഭവം. ജീവനക്കാര്‍ തുക എണ്ണുന്നതിനിടെയാണ് തോക്കടക്കമുള്ള ആയുധങ്ങളുമായി പത്തോളം വരുന്ന സംഘം ബാങ്കിലേക്ക് ഇരച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കോടികള്‍ ചാക്കിലാക്കി കടന്നത്.
ഉഖ്റുള്‍ ടൗണിലെ വ്യൂലാന്‍ഡ്-1 ലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. മുഖംമൂടി ധരിച്ച് ആയുധങ്ങളുമായി എത്തിയ അജ്ഞാത സംഘം സുരക്ഷാ ജീവനക്കാരേയും ബാങ്ക് ഉദ്യോഗസ്ഥരേയും കീഴ്‌പ്പെടുത്തിയാണ് പണവുമായി കടന്നത്. ജീവനക്കാരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കയറുപയോഗിച്ച് കെട്ടി സ്റ്റോര്‍ റൂമില്‍ പൂട്ടിയിട്ടാണ് കവര്‍ച്ച.
മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്ക് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. കവര്‍ച്ചാ സംഘത്തെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഏഴ് മാസം മുന്‍പ് കലാപം ആരംഭിച്ച ശേഷം ഇതു രണ്ടാം തവണയാണ് സംസ്ഥാനത്ത് വന്‍ ബാങ്ക് കൊള്ള അരങ്ങേറുന്നത്. ജൂലൈയില്‍ ചുരാചന്ദ്പുരില്‍ ആക്‌സിസ് ബാങ്ക് ശാഖ കൊള്ളയടിച്ച് ആയുധധാരികളായ സംഘം ഒരു കോടിക്ക് മുകളില്‍ രൂപ കൊള്ളയടിച്ചിരുന്നു.