ടെല്‍അവീവ്- വെടിനിര്‍ത്തല്‍ നീട്ടിയതിനെ തുടര്‍ന്ന് രണ്ട് ഇസ്രായില്‍ ബന്ദികളെ കൂടി ഹമാസ് വിട്ടയച്ചു. മിയ ഷെം (21), അമിത് സൂസന്ന (40) എന്നിവരാണ് ഇസ്രായിലില്‍ തിരിച്ചെത്തിയത്. എട്ട് ബന്ദികളെ കൂടി ഹമാസ് വിട്ടയക്കുമെന്നാണ് കരുതുന്നത്. ഇതിനു പറമെ, ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്ന് ബന്ദികളുടെ മൃതദേഹങ്ങളും കൈമാറും.
നിലവിലെ വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച രാവിലെ അവസാനിക്കാനിരിക്കെ, ഗസ്സ മുനമ്പില്‍ അക്രമം ശാശ്വതമായി നിര്‍ത്തണമെന്ന് അന്താരാഷ്ട്ര സംഘടനകള്‍ ആവശ്യപ്പെട്ടു.
കൂടുതല്‍ തടവുകാരെയും ബന്ദികളെയും കൈമാറ്റം ചെയ്യാനും ഗാസയില്‍ ഭവനരഹിതരായ സാധാരണക്കാര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കാനും അനുവദിക്കുന്ന നീണ്ട വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതിനായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായില്‍, ഫലസ്തീന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ കൂടുതല്‍ പേര്‍ കൈമാറ്റം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ വരെ താല്‍ക്കാലിക വെടിനിര്‍ത്താല്‍ നീട്ടാന്‍ ഹമാസും ഇസ്രായിലും സമ്മതിച്ചതിനെത്തുടര്‍ന്ന് കൂടുതല്‍ ഫലസ്തീന്‍ തടവുകാരെ ഇസ്രായില്‍ മോചിപ്പിക്കും.
വെടിനിര്‍ത്തല്‍ നീട്ടി മണിക്കൂറുകള്‍ക്ക് ശേഷം മൂന്ന് പേര്‍ കൊല്ലപ്പെട്ട ജറൂസലം വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഹമാസ് പോരാളികള്‍ പതിരോധം വര്‍ദ്ധിപ്പിക്കുന്നതിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
കിഴക്കന്‍ ജറൂസലമില്‍ നിന്നുള്ള രണ്ട് തോക്കുധാരികള്‍ നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ബസ് സ്‌റ്റോപ്പില്‍ വെച്ചാണ് മൂന്ന് പേരെ കൊലപ്പെടുത്തിയത്. എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തോക്കുധാരികളെ കൊലപ്പെടുത്തിയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.