പാലക്കാട് - സ്‌കൂളിൽനിന്ന് വിനോദയാത്ര പോയി അവശനിലയിൽ തിരിച്ചെത്തിയ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിനടുത്ത് തച്ചൻപാറ സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 18 വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ഒരാൾ തൃശൂർ മെഡിക്കൽ കോളജിലും മറ്റൊരാൾ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിലുമാണ് ചികിത്സയിലുള്ളത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ആറു വിദ്യാർത്ഥികളെ ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ട്.
മലമ്പുഴ ഫാന്റസി പാർക്കിലേക്ക് ചൊവ്വാഴ്ചയാണ് 225 അംഗ സംഘം വിനോദയാത്ര പോയത്. യാത്ര കഴിഞ്ഞെത്തിയ ഉടനെ കുട്ടികൾക്ക് വയറിളക്കവും കുഴച്ചിലും അനുഭവപ്പെടുകയായിരുന്നു. ഭക്ഷ്യ വിഷബാധയാണോ എന്നാണ് സംശയം. വൈകീട്ടോടെ തന്നെ വിദ്യാത്ഥികൾക്കെല്ലാം ശാരീരീക ക്ഷീണവും വയറിളക്കവും അനുഭവപ്പെട്ടതായാണ് പറയുന്നത്. തുടർന്ന് ആദ്യം സ്‌കൂളിന് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളുടെ ഉച്ചഭക്ഷണം ഉൾപ്പടെയുള്ളവ വാട്ടർ തീം പാർക്കിലെ പ്രത്യേക പാക്കേജ് പ്രകാരമുള്ള മെനു അനുസരിച്ചായിരുന്നു.