ജിദ്ദ- മൂന്നാമത് റെഡ് സീ ഫിലിം ഫെസ്റ്റിവെലിന്റെ ആദ്യ ദിനത്തിൽ ഇന്ത്യൻ മാധ്യമ പ്രവർത്തകയുടെ കൂടെ നൃത്തം ചെയ്ത് ബോളിവുഡ് താരം രൺവീർ സിംഗ്. റെഡ് സീ മാളിൽ നടന്ന സംവാദത്തിന് ശേഷം ഓഡിയൻസിൽനിന്ന് ചോദ്യം ഉന്നയിച്ച് മാധ്യമ പ്രവർത്തക രൺവീറിനൊപ്പം ചുവടുവെക്കാൻ താൽപര്യമുണ്ടെന്ന് അറിയിക്കുകയായിരുന്നു. രൺവീർ സന്തോഷത്തോടെ ഇത് സ്വീകരിക്കുകയും ചെയ്തു. ഇന്ത്യയിൽനിന്ന് ഫെസ്റ്റിവെൽ റിപ്പോർട്ട് ചെയ്യാനെത്തിയ സി.എൻ.എൻ ചാനലിലെ ലക്ഷ്മി ഡിബ്രോയ് ആണ് രൺവീറിനൊപ്പം ചുവടുവെച്ചത്.
റെഡ് സീ ഫിലിം ഫെസ്റ്റിവെലിന്റെ ആദ്യ പതിപ്പിൽ ജിദ്ദയിലെത്തിയതിന്റെ അനുഭവം രൺവീർ വിവരിച്ചു. 1983 എന്ന സിനിമയുടെ പ്രീമിയർ ഷോ ജിദ്ദ ഫിലിം ഫെസ്റ്റിവെലിലായിരുന്നു നടന്നത്. ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയുടെ ആദ്യഷോക്ക് ജിദ്ദയിലെ സദസ് നൽകിയ പിന്തുണ അദ്ദേഹം എടുത്തുപറഞ്ഞു. ഫിലിം ഫെസ്റ്റിവെൽ ഡിസംബർ 9-ന് സമാപിക്കും.