Sorry, you need to enable JavaScript to visit this website.

ലോക്‌സഭയ്‌ക്കൊപ്പം 11 സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിനും ബിജെപി നീക്കം

ന്യുദല്‍ഹി- ബി.ജെ.പി ഭരിക്കുന്നവ ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്താന്‍ ബി.ജെ.പി ശ്രമങ്ങളാരംഭിച്ചതായി റിപോര്‍ട്ട്. കാലാവധി പൂര്‍ത്തിയാക്കുന്ന ചില സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നീട്ടിവച്ചും ചില സംസ്ഥാനങ്ങളില്‍ നേരത്തെ ആക്കിയും ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഇവിടങ്ങളിലും തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകളാണ് ആരായുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുടെ കാലാവധി ജനുവരിയില്‍ പൂര്‍ത്തിയാകും. ശേഷം ഗവര്‍ണറുടെ ഭരണമേര്‍പ്പെടുത്താന്‍ ഈ സംസ്ഥാനങ്ങള്‍ ശുപാര്‍ശ ചെയ്‌തേക്കും. മേയിലായിരിക്കും ലോകസഭാ തെരഞ്ഞെടുപ്പ്.  

കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറാം സര്‍ക്കാരിന്റെ കാലാവധി ഈ വര്‍ഷം ഡിസംബറില്‍ തീരും. ബി.ജെ.പി ഭരിക്കുന്ന ഹരിയാന, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാനാണു നീക്കം. അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷമാണ് ഈ സംസ്ഥാനങ്ങൡലെ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുക. ആന്ധ്രപ്രദേശ്, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ലോക്‌സഭയ്‌ക്കൊപ്പമാണ് നടക്കുക. 2020 വരെ കാലാവധിയുളള ബിഹാറിലും നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്ന കാര്യം ആലോചനയിലുണ്ട്. അതേസമയം, സര്‍ക്കാര്‍ കാലവധി പൂര്‍ത്തിയാക്കിയ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താന്‍ നിയമപരമായി സാധ്യമല്ലെന്ന് മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറലും ഭരണഘടനാ വിദഗ്ധനുമായി പി.ഡി.ടി ആചാര്യ പറയുന്നു. 

ലോക്‌സഭയ്‌ക്കൊപ്പം സാധ്യമായ സംസ്ഥാനങ്ങളിലെല്ലാം നിയമസഭാ തെരഞ്ഞെടുപ്പും ഒന്നിച്ചു നടത്തുന്നത് ബിജെപിക്ക് ഗുണകരമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പ്രധാനമന്ത്രി നരേ്ന്ദ്ര മോഡിയുടെ നേതൃത്തിലുളള കേന്ദ്ര സര്‍ക്കാരും ഈ ആശയത്തെ പിന്തുണയ്ക്കുന്നുണ്ട്്. ഇത്തരമൊരു ആശയം സജീവമായി ചര്‍ച്ചയാക്കിയതും ബി.ജെ.പിയാണ്. എന്നാല്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഈ ആശയത്തെ എതിര്‍ക്കുന്നു. ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താന്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. എന്നാല്‍ ഈ ഭേദഗതി നടപ്പിലാക്കാവുന്ന നിലയിലല്ല ഇപ്പോള്‍ സര്‍ക്കാര്‍.

അതിനിടെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നത് ആശയം മാത്രമല്ലെന്നും നേരത്തെ വിജയകരമായി നടപ്പാക്കിയതും ഇപ്പോള്‍ നടപ്പിലാക്കാവുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി അധ്യക്ഷന്‍ നിയമ കമ്മീഷനു കത്തു നല്‍കി. ഇതിനെതിരായ പ്രതിപക്ഷത്തിന്റെ നിലപാട് അടിസ്ഥാന രഹിതമാണെന്നും ഇത് ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്നും ഷാ പറഞ്ഞു. ഒന്നിച്ചു തെരഞ്ഞെടുപ്പു നടത്തുന്നത് ചെലവുകള്‍ കുറക്കും. വര്‍ഷം മുഴുവന്‍ രാജ്യം തെരഞ്ഞെടുപ്പു മട്ടില്‍ ആയിരിക്കേണ്ടിവരില്ലെന്നും നിയമ കമ്മീഷന്‍ അധ്യക്ഷന്‍ ബി.എസ് ചൗഹാന് അയച്ച എട്ടു പേജുള്ള കത്തില്‍ അമിത് ഷാ ചൂണ്ടിക്കാട്ടി.
 

Latest News