ചെന്നൈ - ചെന്നൈയിലെ മിയോട്ട് ഇന്റർനാഷണൽ ആശുപത്രിയിൽ ചികിത്സയിലുള്ള നടനും ഡി.എം.ഡി.കെ സ്ഥാപകനുമായ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. 24 മണിക്കൂറിനിടെ വിജയകാന്തിന്റെ ആരോഗ്യനില മോശമായതായി ബുള്ളറ്റിൻ വ്യക്തമാക്കി.
നവംബർ 18ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിജയകാന്തിന്റെ നിലയിൽ വളരെയധികം പുരോഗതിയുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യനില മോശമായി. ശ്വാസമെടുക്കുന്നതിന് പ്രശ്‌നങ്ങളുണ്ട്. അദ്ദേഹം പൂർണമായി സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷ' എന്നാണ് ബുള്ളറ്റിനിലുള്ളത്. പുതിയ റിപോർട്ടിനു പിന്നാലെ താരം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും മറ്റും ആശംസിച്ചു.