ന്യൂദല്‍ഹി-ജര്‍മ്മനിയിലെ മ്യൂണിക്കില്‍ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട ലുഫ്താന്‍സ വിമാനം ദല്‍ഹിയില്‍ ഇറക്കാന്‍ കാരണം യാത്രക്കാരായ ദമ്പതികള്‍ തമ്മിലുണ്ടായ അടിപടി. യാത്രക്കാരന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് വിമാനം ദല്‍ഹിയിലേക്ക് തിരിച്ചുവിടേണ്ടി വന്നതെന്ന് ലുഫ്താന്‍സ പ്രസ്താവനയില്‍ പറഞ്ഞു
പൈലറ്റുമാര്‍ എടിസിയെ ബന്ധപ്പെട്ട് സാഹചര്യം ബോധ്യപ്പെടുത്തി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.
ജര്‍മ്മന്‍ പൗരത്വമുള്ള യാത്രക്കാരനെ ദല്‍ഹിയില്‍ ഇറക്കിയ ശേഷമാണ് വിമാനം യാത്ര തുടര്‍ന്നത്. യാത്രക്കാരന്‍ നടത്തിയ ക്ഷമാപണം പരിഗണിച്ച് മറ്റൊരു വിമാനത്തില്‍ ജര്‍മ്മനിയിലേക്ക് തിരിച്ചയച്ചു.
ബാങ്കോക്കിലേക്കുള്ള വിമാനത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. വിമാനം ആദ്യം പാകിസ്ഥാനില്‍ ഇറക്കാനാണ് ശ്രമം നടത്തിയതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പാക് അധികൃതര്‍ ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് വിമാനം ദല്‍ഹി വിമാനത്താവളത്തില്‍ ഇറക്കി യാത്രക്കാരനെ ഇറക്കി എയര്‍പോര്‍ട്ട് സെക്യൂരിറ്റിക്ക് കൈമാറിയത്.