ജിദ്ദ- കേരളത്തില്‍നിന്ന് ഹജ് നിര്‍വഹിക്കാനെത്തിയ തീര്ഥാടകന് മരിക്കാനിടയായ ലിഫ്റ്റ് അപകടത്തെ കുറിച്ച് സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചു. സംസ്ഥാന ഹജ് കമ്മിറ്റി മുഖേന എത്തിയ കടലുണ്ടി സ്വദേശിയും അധ്യാപകനുമായ തയ്യില്‍ മുഹമ്മദ് ബഷീര്‍ (57) ആണ് ദാരുണമായി മരിച്ചത്. അസീസിയ കാറ്റഗറിയിലേ 300-ാം നമ്പര്‍ കെട്ടിടത്തിലായിരുന്നു അപകടം. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിക്ക് സന്ദര്‍ശകനായെത്തിയ ബന്ധുവിനെ കാണാന്‍ രണ്ടാം നിലയില്‍ നിന്ന് ലിഫ്റ്റില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. മുകളിലത്തെ നിലയില്‍ ബ്ലോക്കായ ലിഫ്റ്റ് താഴേക്ക് വന്നില്ലെന്നു മാത്രമല്ല, രണ്ടാം നിലയില്‍ ലിഫ്റ്റിന്റെ വാതില്‍ തുറന്നു കിടക്കുകയും ചെയ്തിരുന്നു. പതിവു പോലെ ലിഫ്റ്റിലേക്ക് കാലെടുത്തു വെച്ച ബഷീര്‍ ലിഫ്റ്റിന്റെ ദ്വാരത്തിലൂട താഴേക്കു വീഴുകയായിരുന്നു. അപകടം നടന്ന വിവരം ആരും അറിയാതിരുന്നതിനാല്‍ മണിക്കൂറുകള്‍ക്കു ശേഷം രാത്രി 11 മണിയോടെയാണ് ബഷീറിന്റെ മൃതദേഹം കണ്ടെത്തിയത്. ബഷീറിനെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കളും വളണ്ടിയര്‍മാരും ആശുപത്രികളടക്കം പല സ്ഥലങ്ങളിലും അന്വേഷിച്ചിരുന്നു. അവസാനം ലിഫ്റ്റിന്റെ അടിത്തട്ടില്‍ ബഷീറിനെ മരിച്ച നിലയില്‍ കണ്ടെത്തി. സി.സി.ടിവി ദൃശ്യം പിരിശോധിച്ചപ്പോഴാണ് ബഷീര്‍ ലിഫ്റ്റിനടിയില്‍ കുടുങ്ങിയിട്ടുണ്ടെന്ന് വിവരം മനസ്സിലായത്. കേടായ ലിഫ്റ്റ് നന്നാക്കി പതിവു പോലെ പ്രവര്‍ത്തനം പുനരാരംഭിച്ചുവെങ്കിലും ബഷീര്‍ ലിഫ്റ്റിനടിയില്പെട്ട വിവരം അറിഞ്ഞിരുന്നില്ല.
കോഴിക്കോട് ജെ.ഡി.ടി അധ്യാപകനായ ബഷീര്‍ ഭാര്യ സാജിദയോടൊപ്പം ഒമ്പതാം തീയതിയാണ് ഹജിനെത്തിയത്. മുഹ്സിന്, മുഷീര്‍, മുര്‍ഷിദ് എന്നിവര്‍ മക്കളാണ്.
അപകടത്തെക്കുറിച്ച് സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചു. നടപടി ക്രമങ്ങള്‍ക്കു ശേഷം മയ്യിത്ത് മക്കയില്‍ ഖബറടക്കും. സഹായത്തിനായി ഇന്ത്യന്‍ ഹജ് മിഷന് അധികൃതരും മക്ക കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിലുള്ള വളണ്ടിയര്‍മാരും രംഗത്തുണ്ട്.