പറ്റ്‌ന- സ്‌കൂളില്‍ നിന്ന് മടങ്ങുകയായിരുന്ന രണ്ട് നഴ്‌സറി വിദ്യാര്‍ഥികളെ ബലാത്സംഗത്തിനിരകളാക്കിയെന്ന് റിപ്പോര്‍ട്ട്. ബിഹാറിലെ ബെഗുസരായ് ജില്ലയിലെ ബിര്‍പുരിലാണ് സംഭവം.
സ്‌കൂള്‍ വാനിന്റെ ഡ്രൈവറാണ് കുട്ടികളെ ബലാത്സംഗം ചെയ്തതെന്നാണ് പരാതി. ഇതേ തുടര്‍ന്ന് ഡ്രൈവര്‍ സിക്കന്ദര്‍ റായിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച വൈകിട്ട് ക്ലാസ് കഴിഞ്ഞ് രണ്ടു കുട്ടികളും രക്തം പുരണ്ട വസ്ത്രത്തോടെയാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കുട്ടികള്‍ ആക്രമിക്കപ്പെട്ട വിവരം പുറത്തറിഞ്ഞത്.
സ്‌കൂളില്‍ നിന്നും വീട്ടിലേക്കുള്ള യാത്രക്കിടെ ആളില്ലാത്ത പ്രദേശത്ത് എത്തിച്ചാണ് ഇയാള്‍ കുട്ടികളെ ഉപദ്രവിച്ചത്. കുട്ടികളുടെ രക്ഷിതാക്കള്‍ ഉടന്‍ തന്നെ ഡ്രൈവറെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. കുട്ടികളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇയാള്‍ റെക്കോഡ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. ആരോപണങ്ങള്‍ സിക്കന്ദര്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമിക്കപ്പെട്ട കുട്ടികള്‍ നിലവില്‍ ബെഗുസരായ് ആശുപത്രിയില്‍ ചികിത്സയിലാണ്.