മംഗളൂരു-മനോനില തെറ്റിയ നിലയില്‍ മംഗളൂരുവില്‍ കഴിയുന്ന മലയാളി സ്ത്രീ ഫാത്തിമാ ബീവിയുടെ മക്കളെയോ ബന്ധുക്കളെയോ കണ്ടെത്താന്‍ കഴിയുമോ? ഒരു മാസംമുമ്പ് മംഗളൂരു പോലീസ് കര്‍ണാടകയിലെ പ്രജ്ഞാ കൗണ്‍സിലിംഗ് സെന്ററില്‍ എത്തിച്ച ഇവര്‍ ഇപ്പോള്‍ മംഗളൂരുവിലെ സ്‌നേഹാലയത്തിലാണുള്ളത്.
ശരിയായ വിലാസവും മറ്റും ഇവരില്‍നിന്ന് ലഭിക്കണമെങ്കില്‍ കുറച്ചുകൂടി സമയമെടുക്കുമെന്നും മികച്ച ചികിത്സ നല്‍കേണ്ടതുണ്ടെന്നും സ്‌നേഹാലയം ആരംഭിച്ച ബ്രദര്‍ ജോസഫ് ക്രാസ്റ്റ പറഞ്ഞു.
പോലീസുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇവരെ സ്‌നേഹാലയത്തില്‍ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മലയാളം സംസാരിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്. കൂടുതല്‍ വിവരങ്ങളൊന്നും പറയാന്‍ കഴിയുന്നില്ല.
മനോനില തെറ്റിയവരുടെ പുനരധിവാസ കേന്ദ്രമാണ് സ്‌നേഹാലയ. തെരുവില്‍ അലഞ്ഞുതിരിയുകയായിരുന്ന 350 പേര്‍ ഇപ്പോള്‍ സ്‌നേഹാലയത്തിലുണ്ട്. 850 ആളുകളെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ബന്ധുക്കള്‍ക്ക് കൈമാറാന്‍ കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്‌നഹാലയവുമായി ബന്ധപ്പെട്ടതെന്ന് ജോസഫ് പറഞ്ഞു.
ഫാത്തിമാ ബീവിയെ കൊണ്ടു വരാന്‍ പോയപ്പോള്‍ തമിഴ്‌നാട്, ബംഗാള്‍ സ്വദേശികളായ രണ്ടു പേരെ കൂടി സ്‌നേഹാലയത്തില്‍ എത്തിച്ചിട്ടുണ്ട്. ഫാത്തിമാ ബീവിക്ക് മികച്ച ചികിത്സയും പരിചരണവും നല്‍കിയാല്‍ വളരെ വേഗം സാധാരണ നിലയിലെത്തിക്കാനാകും. ഈയൊരു പ്രതീക്ഷയുടെ അടിസ്ഥാനത്തിലാണ് ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ജോസഫിന്റെ നമ്പറല്‍ ബന്ധപ്പെടണം. 9446547033