Sorry, you need to enable JavaScript to visit this website.

'ഗവർണറുടേത് സുപ്രിം കോടതിയോടുള്ള അനാദരവ്'; കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

മലപ്പുറം - സർക്കാർ ബില്ലുകൾ പിടിച്ചുവെച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരായ സുപ്രീം കോടതിയുടെ രൂക്ഷവിമർശത്തിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 
 സുപ്രീം കോടതിയോട് അനാദരവാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നത്. ഇത്തരം നിലപാടുള്ള വ്യക്തിക്ക് ഈ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും കേന്ദ്ര സർക്കാർ ഇതിൽ നിലപാട് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
 രാജ്യത്ത് ഏറെ നാളായി നടന്നുകൊണ്ടിരിക്കുന്ന നിലപാടിനെതിരെ ചില സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ബില്ലുകൾ ഇങ്ങനെ പിടിച്ചുവെക്കാൻ പാടില്ലെന്ന് കോടതി പറഞ്ഞിരുന്നു. ഈ വിധി രാജ്യത്തെ എല്ലാ ഗവർണർമാർക്കും ബാധകമാണ്. എന്നാൽ, കേരളാ ഗവർണർ ഇതിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. കേരളം സുപ്രീം കോടതിയെ സമീപിച്ചപ്പോൾ പഞ്ചാബിന്റെ കാര്യത്തിലെ വിധി ഗവർണർ വായിച്ചു നോക്കണം എന്നാണ് നിർദേശിച്ചത്. എന്നാൽ അതിനെ പരിഹസിക്കുന്ന മറുപടിയാണ് ഗവർണറിൽ നിന്നുണ്ടായത്. ഗവർണർ സ്ഥാനത്തുള്ള വ്യക്തി സുപ്രീം കോടതിയുടെ നിലപാടിനോട് അനാദരവ് കാണിക്കരുത്. വിശുദ്ധ പശു, വിശുദ്ധ പശു എന്ന് പറഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ല. അനാദരവ് ആ വാക്കുകളിൽ പ്രകടമാണ്. സ്വഭാവികമായ പ്രതികരണമാണ് സുപ്രീം കോടതിയിൽ നിന്നുണ്ടായത്. ഗവർണർ സ്ഥാനത്ത് നിന്ന് മാറാനുള്ള മാന്യത അദ്ദേഹം കാണിക്കുമെന്ന് കരുതുന്നില്ല. അദ്ദേഹത്തെ പോലുള്ളവരെ നിയമിക്കുന്ന കേന്ദ്ര സർക്കാർ ഇത്തരം വിമർശനങ്ങൾ ഗൗരവമായി എടുക്കണം. അടിസ്ഥാനപരമായി ഇത് ജനാധിപത്യ വ്യവസ്ഥയെയാണ് ദുർബലപ്പെടുത്തുന്നതെന്നും ഇതേ നിരീക്ഷണമാണ് സുപ്രീം കോടതി അവസാനം പറയുന്നതെങ്കിൽ അദ്ദേഹം സ്ഥാനത്ത് തുടരാൻ പാടില്ലെന്ന നിലപാട് കേന്ദ്രം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
 കേരളം സുപ്രിംകോടതിയിൽ നൽകിയ ഹരജി പരിഗണിച്ച് രണ്ടുവർഷം ബില്ലുകളിൽ എന്തെടുക്കുകയായിരുന്നുവെന്ന് എന്ന് കോടതി ഇന്ന് ഗവർണറോട് ചോദിച്ചിരുന്നു. (വാർത്ത താഴെ)

'രണ്ടുവർഷം ബില്ലുകളിൽ എന്തെടുക്കുകയായിരുന്നു?' ഗവർണർക്കെതിരെ രൂക്ഷ വിമർശവുമായി സുപ്രീം കോടതി
ന്യൂഡൽഹി - കേരള ഗവർണർക്കെതിരെ രൂക്ഷ വിമർശവുമായി സുപ്രീം കോടതി. രണ്ടുവർഷം ഗവർണർ ബില്ലുകളിൽ എന്തെടുക്കുകയായിരുന്നുവെന്നും എട്ട് ബില്ലുകൾ വൈകിപ്പിച്ചതിൽ ന്യായീകരണമില്ലെന്നും കോടതി കോടതി വ്യക്തമാക്കി. കേരള നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ കേരളം നല്കിയ അപ്പീൽ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിമർശം.
 ബിൽ പിടിച്ചുവയ്ക്കാനുള്ള കാരണം ഗവർണർ അറിയിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാറിന്റെ അവകാശം ഗവർണർക്ക് അട്ടിമറിക്കാനാവില്ല. പഞ്ചാബ് കേസിലെ വിധി കേരളത്തിനും ബാധകമാണ്. ഭരണഘടനാപരമായി ഗവർണർക്ക് സുതാര്യത വേണ്ടേയെന്നും കോടതി ചോദിച്ചു. മുഖ്യമന്ത്രിയും ബിൽ അവതരിപ്പിച്ച മന്ത്രിയും ഗവർണറുമായി കൂടിക്കാഴ്ച നടത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു. 
 കേരളത്തിന്റെ ഹരജി തള്ളണമെന്ന ഗവർണറുടെയും കേന്ദ്രസർക്കാരിന്റെയും ആവശ്യം സുപ്രീംകോടതി തള്ളി. ഗവർണർ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട സാഹചര്യത്തിൽ ഹരജി തള്ളണമെന്നായിരുന്നു അറ്റോണി ജനറൽ ആർ വെങ്കടരമണിയുടെ ശക്തമായ ആവശ്യം. പക്ഷേ, കോടതി ഇത് പൂർണമായും നിരാകരിച്ചു. ബില്ലുകൾ രാഷ്ട്രപതിയ്ക്ക് അയച്ച ഗവർണറുടെ നടപടയിൽ ഇടപെടാൻ തൽകാലം സാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
  ഗവർണർക്ക് ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ട്. അത് നിറവേറ്റിയില്ലെങ്കിൽ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരും. ഇല്ലെങ്കിൽ ജനങ്ങൾ ഞങ്ങളോട് ചോദിക്കുമെന്നും കോടതി പറഞ്ഞു.
 ഗവർണറുടെ അധികാര പ്രയോഗം സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശം വേണമെന്ന കേരളത്തിന്റെ ആവശ്യവും സുപ്രീം കോടതി പരിഗണിക്കും. ഇതിനായി കേരളത്തിന്റെ ഹരജി ഭേദഗതി ചെയ്ത് സമർപ്പിക്കാനും സുപ്രീം കോടതി നിർദേശിച്ചു.
 

Latest News