ലണ്ടന്‍- വൃദ്ധയായ ഇന്ത്യന്‍ വനിതയെ നാടുകടത്താനുള്ള നീക്കത്തില്‍ ബ്രിട്ടനില്‍ കടുത്ത പ്രതിഷേധം. 2019 മുതല്‍ പഞ്ചാബ് സ്വദേശിനിയായ ഗുര്‍മിത് കൗറിനെ നാടുകടത്താനുള്ള ശ്രമത്തിലാണ് ബ്രിട്ടന്‍. നാടുകടത്തലിനെതിരെ ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് മേഖലയില്‍ നിന്നും വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധക്കാര്‍ 65,000-ത്തിലധികം ഒപ്പുകള്‍ ശേഖരിച്ച് ഓണ്‍ലൈനായി നാടുകടത്തലിനെതിരെ നിവേദനം നല്‍കിയിരുന്നു. 78 കാരിയായ ഗുര്‍മിത് കൗര്‍ 2009ലാണ് യുകെയില്‍ എത്തിയത്. വിധവായ ഗുര്‍മിതിന് പഞ്ചാബില്‍ നിലവില്‍ ആരുമില്ല. അതിനാല്‍ തന്നെ യുകെയിലെ സ്‌മെത്ത്‌വിക്കിലെ പ്രാദേശിക സിഖ് സമൂഹം ഗുര്‍മിത് കൗറിന്റെ സംരക്ഷണം ഏറ്റെടുത്തതായി പ്രതിഷേധക്കാര്‍ പറയുന്നു. ഗുര്‍മിതിന് വേണ്ടി പ്രതിഷേധക്കാര്‍ സമൂഹമാധ്യമങ്ങളിലും പ്രചാരണം നടത്തുന്നുണ്ട്.
2009 ല്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായിട്ടാണ് ഗുര്‍മിത് ബ്രിട്ടനിലെത്തുന്നത്. തുടക്കത്തില്‍ മകനോടൊപ്പമായിരുന്നു താമസം. പിന്നീട് കുടുംബവുമായി അകന്നതോടെ അപരിചിതരുടെ ദയയിലാണ് ഗുര്‍മിത് കഴിയുന്നത്. പഞ്ചാബില്‍ ഇപ്പോള്‍ കുടുംബം ഇല്ലെന്നും അതു കൊണ്ട് യുകെയില്‍ തന്നെ താമസിക്കാന്‍ ഗുര്‍മിത് അപേക്ഷിച്ചെങ്കിലും അധികൃതര്‍ അപേക്ഷ നിരസിച്ചു.