മഞ്ചേരി- കുറ്റപത്രം സമര്‍പ്പിക്കുന്നതിനു പോലീസ് വരുത്തിയ വീഴ്ചയെത്തുടര്‍ന്ന് പീഡനക്കേസ് പ്രതികള്‍ ജയില്‍ മോചിതരാവാന്‍ ഇടയാക്കി. എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസിലെ പ്രതികള്‍ക്കാണ് മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി ചുമതലയുള്ള അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജാമ്യം അനുവദിച്ചത്.
ഒന്നാംപ്രതി തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60), രണ്ടാംപ്രതി കുട്ടിയുടെ മാതാവ് എന്നിവര്‍ക്കാണ് ജഡ്ജി എ.വി നാരായണന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 2018 ഏപ്രില്‍ 18നാണ് കേസിനാസ്പദമായ സംഭവം.
തന്റെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന യുവതിയും മകളുമൊന്നിച്ച് എടപ്പാളിലെ തിയേറ്ററില്‍ സിനിമ കാണാനെത്തിയതായിരുന്നു മൊയ്തീന്. ഇരുവശങ്ങളിലായി ഇരുന്ന മാതാവിനെയും കുഞ്ഞിനെയും പ്രതി പീഡിപ്പിക്കുന്നതു തിയേറ്ററിലെ സിസിടിവിയില്‍ പതിയുകയായിരുന്നു.
തിയേറ്റര്‍ ഉടമ നല്കിയ സിസിടിവി ദൃശ്യത്തെത്തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ചങ്ങരംകുളം പോലീസില്‍ പരാതി നല്കി. കുട്ടിയെ പീഡിപ്പിക്കുന്നതിന് പ്രതിക്ക് ഒത്താശ നല്കി എന്ന കേസിലാണ് മാതാവിനെ മെയ് 13ന് പോക്സോ വകുപ്പ് അനുസരിച്ച് അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടന്നു 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ചട്ടം. ഇതു പാലിക്കാത്ത പക്ഷം സ്വാഭാവിക ജാമ്യത്തിന് പ്രതി അര്‍ഹയാണെന്ന അഭിഭാഷന് കെ.വി സാബുവിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ പത്തിനാണ് അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയാകുന്നത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട പത്താം തീയതി പ്രോസിക്യൂഷന് കോടതിയോടു കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. പോക്സോ കേസിന്റെ അന്വേഷണം പൂര്‍ത്തിയായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന് ആവശ്യം. എന്നാല്‍ കോടതി ഇതു അംഗീകരിച്ചില്ല. പോക്സോ നിയമ പ്രകാരം കുറ്റപത്രം സമര്‍പ്പിക്കുന്നത് നീട്ടാന്‍ കോടതിയ്ക്കു അധികാരമില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. യുഎപിഎ, പോട്ട, മെക്കാകോ നിയമ പ്രകാരം മാത്രമേ ഇത്തരത്തില്‍ സമയം നീട്ടാന്‍ കോടതിക്ക് അധികാരമുള്ളൂ. 11-ാം തീയതി രണ്ടാം ശനിയും 12-ാം തീയതി ഞായറും ആയതിനാല്‍ ഇന്നലെയാണ് തൃശൂര്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് മഞ്ചേരി കോടതിയില്‍ 450 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നാംപ്രതി മൊയ്തീന്‍കുട്ടിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 376 (ബലാത്സംഗം), പോക്സോ വകുപ്പിലെ അഞ്ച്, ആറ്, ഒമ്പത്, പത്ത് വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാവിന്റെ പേരില്‍ പോക്സോ വകുപ്പിലെ 16, 17 ജുവനൈല്‍ വകുപ്പ് 75 എന്നിവയുമുണ്ട്. ചൈല്ഡ്ലൈന് പ്രവര്‍ത്തകരും തിയേറ്റര്‍ ജീവനക്കാരുമടക്കം 55 സാക്ഷികളാണുളളത്.
വ്യവസായിയായ ഒന്നാം പ്രതിയുടെ സ്വാധീനം മൂലം കേസെടുക്കാന്‍ മടി കാണിച്ച എസ്.ഐ കെ.ജി ബേബിയെ നേരത്തെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പോലീസ്് വരുത്തിയ വീഴ്ചയും പ്രതികള്‍ക്ക് അനുകൂലമായിരിക്കയാണ്.