കൊല്‍ക്കത്ത- നാല് മക്കളുടെ പിതാവും കാമുകനുമായ യുവാവിനെ 20കാരി വെടിവച്ച് കൊന്നു. ബംഗാളിലാണ് സംഭവം. ജംഷഡ്പൂര്‍ സ്വദേശിയായ അഖ്ലാഖ് ആലം ആണ് കൊല്ലപ്പെട്ടത്. പ്രതിയായ പരുള്‍ ഖാത്തൂറിനെ പോലീസ് പിടികൂടിയിട്ടുണ്ട്. യുവതിയെ കോടതിയില്‍ ഹാജരാക്കി, ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കാമുകനെ കൊല്ലാനുപയോഗിച്ച തോക്കും സഞ്ചരിച്ച ബൈക്കും എവിടെ നിന്ന് ലഭിച്ചു എന്നതിനെ പറ്റി പരുള്‍ വെളിപ്പെടുത്തിയിട്ടില്ല. യുവതിയെ സഹായിച്ചയാളെ ഉടന്‍ കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു.കഴിഞ്ഞ ദിവസമാണ് അഖ്ലാഖിനെ വെടിയേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ മദന്‍പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നും കണ്ടെത്തിയത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഝാര്‍ഖണ്ഡിലെ ജംഷഡ്പൂരിലെ പഹല്‍ മോര്‍ സ്വദേശിയായ അഖ്ലാഖ് ആലം ആണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാളുടെ ബന്ധുക്കളെ വിവരമറിയിച്ചു. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ചപ്പോഴാണ് അന്വേഷണം പരുള്‍ ഖാത്തൂറിലേയ്ക്കെത്തിയത്. ജത്രപൂരില്‍ പിതാവുമൊത്താണ് പരുള്‍ താമസിക്കുന്നത്. കൊലപാതകം നടന്ന ദിവസം സമീപ പ്രദേശത്ത് വച്ച് ഇരുവരും സംസാരിക്കുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. യുവതിക്ക് നന്നായി ബൈക്ക് ഓടിക്കാന്‍ അറിയാമെന്നും ഇവര്‍ മയക്കുമരുന്നിന് അടിമയാണെന്നും പോലീസിന് വിവരം ലഭിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബന്ധം അവസാനിപ്പിക്കണമെന്ന് അടുത്തിടെ യുവതി പറഞ്ഞെങ്കിലും അഖ്ലാഖ് സമ്മതിച്ചിരുന്നില്ല. ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് യുവതി കുറ്റസമ്മതം നടത്തിയതായും പോലീസ് പറഞ്ഞു.