Sorry, you need to enable JavaScript to visit this website.

കോട്ടയത്തിന് ഒരു വന്ദേഭാരത് ട്രെയിന്‍ കൂടി 

കോട്ടയം- കേരളത്തില്‍ രണ്ട് വന്ദേഭാരത് സര്‍വീസുകളാണിപ്പോഴുള്ളത്. ഒന്ന് കോട്ടയം വഴിയും ഒന്ന് ആലപ്പുഴ വഴിയും. ആലപ്പുഴ വഴി ആരംഭിച്ചിട്ട് അധിക കാലമായിട്ടില്ല. എന്നാല്‍ നിത്യേന പ്രശ്‌നങ്ങളാണ്. സിംഗിള്‍ ലൈന്‍ ആയതിനാല്‍ സമയം കൂടുതലെടുക്കുന്നു. സ്ഥലം എം.പി നേരിട്ട് പ്രതിഷേധിക്കാനിറങ്ങി. ഇതെല്ലാം കണ്ടപ്പോള്‍ റെയില്‍വേ കണ്ടെത്തിയ പരിഹാരം അതും കോട്ടയം വഴിയാക്കാമെന്നതാണ്. അധികം വൈകാതെ തീരുമാനം നടപ്പാക്കും. അതുക്കും മേലെയാണ് കോട്ടയത്തിന്റെ നേട്ടം. റെയില്‍വേ കേരളത്തില്‍ തുടങ്ങുന്ന മൂന്നാമത്തെ വന്ദേഭാരതിന്റെ ടെര്‍മിനസ് കോട്ടയമാണ്. തുടക്കത്തില്‍ ശബരിമല സീസണില്‍ സ്‌പെഷ്യലായി ഓടുന്ന ഈ ട്രെയിന്‍ ട്രാഫിക് വിലയിരുത്തി സ്ഥിരപ്പെടുത്താനും സാധ്യതയുണ്ടെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ സൂചിപ്പിച്ചത്. കോട്ടയത്തിനാണെങ്കില്‍ സമ്മര്‍ദം ചെലുത്താന്‍ ശക്തമായ രാഷ്ട്രീയ ലോബിയുമുള്ളതിനാല്‍ ഇത് നടക്കുമെന്നതില്‍ സംശയമില്ല. 
ചെന്നൈ-കോട്ടയം-ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് സര്‍വീസിനാണ്  ദക്ഷിണ റെയില്‍വേ കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തത്. ഡിസംബര്‍ 1 മുതല്‍ 2024 ജനുവരി 29 വരെയായിരിക്കും വന്ദേഭാരതിന്റെ സ്പെഷല്‍ സര്‍വീസ്. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈയില്‍നിന്ന് ഉച്ചയ്ക്കു രണ്ടിനു പുറപ്പെട്ടു രാത്രി 11നു കോട്ടയത്ത് എത്തും.ശനി, തിങ്കള്‍ ദിവസങ്ങളില്‍ കോട്ടയത്തുനിന്നു വെളുപ്പിനെ 4നു പുറപ്പെട്ട് ഉച്ചയ്ക്കു ഒന്നിന് ചെന്നൈയില്‍ എത്തും. ശബരിമല തീര്‍ത്ഥാടകരെയാണ് പുതിയ വന്ദേഭാരത് ലക്ഷ്യമിടുന്നത്.
ഇരട്ടപ്പാത നവീകരണ ഭാഗമായി കൂടുതല്‍ പ്ലാറ്റ്ഫോമുകള്‍ നിലവില്‍ വന്ന കോട്ടയം റെയില്‍വേ സ്റ്റേഷനെ ട്രെയിനുകള്‍ ആരംഭിക്കുന്ന ടെര്‍മിനല്‍ സ്റ്റേഷനായി ഉയര്‍ത്തണമെന്ന ആവശ്യം നേരത്തെയുണ്ട്. നിലവില്‍ പാസഞ്ചര്‍ ട്രെയിന്‍ രൂപം മാറിയ കോട്ടയം- നിലമ്പൂര്‍ എക്സ്പ്രസ് മാത്രമാണു കോട്ടയത്തു നിന്നാരംഭിക്കുന്ന എക്സ്പ്രസ് ട്രെയിന്‍.
പുതിയ വന്ദേഭാരത് ട്രെയിന്‍ വൃത്തിയാക്കല്‍, വെള്ളം നിറയ്ക്കല്‍ എന്നിവയാണു കോട്ടയം സ്റ്റേഷനില്‍ നടത്തേണ്ടത്. അറ്റകുറ്റപ്പണി ചെന്നൈയില്‍ നടത്തും. കോട്ടയത്തെ 3, 4 പ്ലാറ്റ്ഫോമുകളില്‍ വെള്ളം നിറയ്ക്കാനുള്ള സംവിധാനം ഇപ്പോഴുണ്ട്. രണ്ടര മണിക്കൂര്‍ കൊണ്ടു ട്രെയിന്‍ വൃത്തിയാക്കി വെള്ളം നിറയ്ക്കാന്‍ കോട്ടയത്തെ ഇപ്പോഴുള്ള സംവിധാനങ്ങള്‍ വഴി സാധിക്കും. 1 എ, 5 പ്ലാറ്റ്ഫോമുകളില്‍കൂടി വെള്ളം നിറയ്ക്കാന്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചാല്‍ കൂടുതല്‍ ട്രെയിനുകള്‍ ആരംഭിക്കാന്‍ സഹായമാകും. കോട്ടയത്തെ 1 എ പ്ലാറ്റ്ഫോമിലും വന്ദേഭാരത് നിര്‍ത്തിയിടാം. ഇപ്പോള്‍ എറണാകുത്ത് അവസാനിക്കുന്ന പല ട്രെയിനുകളും കോട്ടയത്തേക്ക് എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.


 

Latest News