Sorry, you need to enable JavaScript to visit this website.

ബോൾടിന്റെ ഏക ആവശ്യം, കാർ കറുത്തതായിരിക്കണം

സിഡ്‌നി - പ്രൊഫഷനൽ ഫുട്‌ബോളറാവുക എന്ന ലക്ഷ്യത്തോടെ ഉസൈൻ ബോൾട് ഈയാഴ്ച ഓസ്‌ട്രേലിയൻ എ ലീഗിലെ സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സിലെത്തുകയാണ്. ട്രാക്ക് ആന്റ് ഫീൽഡിലെ സൂപ്പർസ്റ്റാറിന് ഫുട്‌ബോളിൽ കഴിവ് തെളിയിക്കാൻ ആവശ്യത്തിന് അവസരം നൽകുമെന്നാണ് ക്ലബ് പറയുന്നത്. പകരം ബോൾടിന്റെ ആവശ്യമെന്താണ്? ഒന്നേയുള്ളൂ.. തന്റെ കാർ കറുത്തതായിരിക്കണം. മറൈനേഴ്‌സ് സി.ഇ.ഒ ഷോൺ മീലെൻകാംപാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിഡ്‌നിക്ക് 75 കി.മീ വടക്കുള്ള ഗോസ്‌ഫോഡിൽ സ്വന്തം ചെലവിൽ ഈയാഴ്ച ബോൾട് എത്തും. 
സ്വകാര്യ ബോഡി ഗാഡുകൾ, തിരുമ്മുകാർ, ഡ്രൈവർമാർ, ഫ്രാൻസിൽനിന്ന് കുടിവെള്ളം തുടങ്ങി പതിവ് ആവശ്യങ്ങളുണ്ടോയെന്ന് ചോദിച്ചപ്പോൾ ഒന്നുമില്ലെന്നും മറ്റേതൊരു കളിക്കാരനെയും പോലെയായിരിക്കും ക്ലബ്ബിൽ ബോൾട് എന്നും സി.ഇ.ഒ മറുപടി നൽകി. കാർ പോലും സാധാരണ നിലവാരത്തിലുള്ളതായിരിക്കും. ബോൾടിന്റെ സംഘത്തെ അതിന് ഉൾക്കൊള്ളാനാവുമോയെന്ന് ചോദിച്ചപ്പോൾ മാനേജർ മാത്രമേ ബോൾടിനൊപ്പമുണ്ടാവൂ എന്ന് അദ്ദേഹം പറഞ്ഞു.
ബോൾടിനെ സാധാരണ കളിക്കാരനായി പരിഗണിക്കുമെന്ന് ക്ലബ് പറയുമ്പോഴും ആരാധകർ വെറുതെയിരിക്കാൻ ഭാവമില്ല. പരിശീലനം കാണാൻ വലിയ ഡിമാന്റാണ്. അതിനാൽ പരിശീലനം വലിയൊരു ഗ്രൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. 

Latest News