കുവൈത്ത് സിറ്റി- അടുത്ത ഹജ് വേളയില്‍ കുവൈത്തില്‍ നിന്നുള്ള പാക്കേജുകളുടെ നിരക്ക് കുറയുമെന്ന് കുവൈത്ത് ഹജ് കാരവന്‍സ് യൂണിയന്‍ മേധാവി അഹ്്മദ് അല്‍ ദുവൈഹി അറിയിച്ചു.
നേരത്തെ തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സൗദി അറേബ്യ തുടക്കം കുറിച്ച സംവിധാനമാണ് പാക്കേജുകളുടെ നിരക്ക് കുറയുമെന്ന പ്രതീക്ഷക്ക് കാരണമെന്ന് അല്‍ദുവൈഹി പറഞ്ഞു സൗദിയുടെ പുതിയ സംവിധാനം ഹജ് സേവന ദാതാക്കള്‍ക്ക് തയ്യാറെടുക്കാന്‍ മതിയായ സമയം നല്‍കും. വരാനിരിക്കുന്ന ഹജ് സീസണ്‍ മറ്റ് സീസണുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2024ലെ ഹജിനുള്ള രജിസ്‌ട്രേഷന്‍ ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ പ്ലാറ്റ്‌ഫോം വഴി ഡിസംബര്‍ 13 വരെ തുടരുമെന്ന് അല്‍ദുവൈഹിയെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബര്‍ 14 മുതല്‍ 20 വരെ നടക്കുന്ന അഞ്ചാമത് ഹജ് എക്‌സിബിഷനില്‍ വരാനിരിക്കുന്ന സീസണിലേക്കുള്ള സേവനങ്ങളുടേയും തയ്യാറെടുപ്പുകളുടേയും വിശദ വിവരങ്ങള്‍ ലഭ്യമാക്കും.
വിവിധ ഹജ് കാരവനുകളും തീര്‍ഥാടകരുടെ സൗകര്യം ഉറപ്പുവരുത്തുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന കമ്പനികളും ഉള്‍പ്പെടുന്നതിനാല്‍ ഈ വര്‍ഷത്തെ പ്രദര്‍ശനം പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കുവൈത്തിന്റെ ഈ വര്‍ഷത്തെ തീര്‍ത്ഥാടകര്‍ക്കുള്ള ക്വാട്ട 8,000 ആണെന്ന് അല്‍ ദുവൈഹി പറഞ്ഞു. 63 കാരവനുകളിലൂടെയാണ് ഇവരുടെ യാത്രാ.
2024 ലേക്കുള്ള ഹജ് വിസകള്‍ മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 29 വരെ ഇഷ്യൂ ചെയ്യും.