ന്യൂദല്‍ഹി- പാക്കിസ്ഥാന്‍ കലാകാരന്മാരെ ഇന്ത്യയില്‍ നിരോധിക്കണമെന്ന ഹരജി സുപ്രിം കോടതി തള്ളി. ഇതേ ഹരജി നേരത്തെ ബോംബെ ഹൈക്കോടതിയും തള്ളിയിരുന്നു.
ഇത്രയും ഇടുങ്ങിയ ചിന്താഗതി പാടില്ലെന്ന് സുപ്രിം കോടതി ഹരജിക്കാരനെ വിമര്‍ശിച്ചു. ബോംബെ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ താത്പര്യമില്ലെന്ന് സുപ്രിം കോടതി ജഡ്ജിമാര്‍ വ്യക്തമാക്കുകയും ചെയ്തു.
അപ്പീലുമായി മുന്നോട്ട് പോവരുതെന്നും കോടതി നിര്‍ദേശിച്ചു. ഹരജിക്കാരനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവും സുപ്രിം കോടതി തള്ളി.
സിനിമാ പ്രവര്‍ത്തകനും കലാകാരനുമാണെന്ന് അവകാശപ്പെടുന്ന ഫായിസ് അന്‍വര്‍ ഖുറേഷിയാണ് ഹരജിയുമായി കോടതികളെ സമീപിച്ചത്. പാക് കലാകാരന്മാര്‍ ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കുന്നതും ജോലി ചെയ്യുന്നതും പൂര്‍ണമായി വിലക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.