ചെന്നൈ- ശ്രീലങ്കന്‍ തമിഴര്‍ ലോകമെമ്പാടും ആചരിക്കുന്ന അനുസ്മരണ ദിനമായ 'മാവീരര്‍ നാള്‍' വേളയില്‍ മുന്‍ ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എല്‍ടിടിഇ) തലവന്‍ പ്രഭാകരന്റെ മകളാണെന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.
ദ്വാരക പ്രഭാകരന്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന യുവതി, ഒരു സുപ്രധാന ദിനത്തില്‍ തന്റെ വ്യക്തിത്വം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുകയാണെന്ന് പറഞ്ഞു. 'നിരവധി പ്രതിസന്ധികളും വഞ്ചനകളും തരണം ചെയ്താണ് ഞാന്‍ ഇവിടെയുള്ളത്. ഒരു ദിവസം, ഈഴം സന്ദര്‍ശിക്കാനും എന്റെ ജനങ്ങളെ സേവിക്കാനും കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- സാരി ധരിച്ച് പ്രത്യക്ഷപ്പെട്ട യുവതി വീഡിയോയില്‍ പറയുന്നു.
യുദ്ധത്തിന്റെ അവസാന നാളുകളില്‍ പ്രഭാകരനും കുടുംബവും മരിച്ചതായി ശ്രീലങ്കന്‍ സൈന്യം പ്രഖ്യാപിച്ച് ഏകദേശം 14 വര്‍ഷത്തിന് ശേഷമാണ് വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ശ്രീലങ്കന്‍ തമിഴില്‍ 12 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗത്തില്‍, എല്‍ടിടിഇയെ നേരിട്ട് നേരിടാന്‍ കഴിയാതെ വന്നപ്പോള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ശക്തമായ രാജ്യങ്ങളുടെ പിന്തുണ തേടിയെന്ന് യുവതി പറഞ്ഞു. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി നാനാത്വത്തില്‍ ഏകത്വത്തിന് ഊന്നല്‍ നല്‍കി എല്‍ടിടിഇയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമെന്നും അവര്‍ ഊന്നിപ്പറഞ്ഞു.