മുംബൈ - മലയാളി യുവതിയെ മുംബൈയിലെ ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുംബൈയിലെ മലാഡ് വെസ്റ്റിലെ ഐ.എൻ.എസ് ഹംല ബേസിലെ ഹോസ്റ്റൽ മുറിയിലാണ് 20-കാരിയായ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ പോലീസിനേയും ഡോക്ടറേയും വിവരമറിയിക്കുകയായിരുന്നു. ഡോക്ടർ സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് ഓഫീസർ ചിമാജി അധവ് പറഞ്ഞു.
സർക്കാറിന്റെ സൈനിക റിക്രൂട്ട്മെന്റായ അഗ്നിവീർ സ്കീമിൽ നേവിയിൽ ജോലിയിൽ പ്രവേശിക്കുന്നതിനുള്ള പരിശീലനത്തിനായാണ് പെൺകുട്ടി രണ്ടാഴ്ച മുമ്പ് മുംബൈയിലെത്തിയത്. തിങ്കളാഴ്ച രാവിലെ യുവതിയും ആൺസുഹൃത്തും തമ്മിൽ വഴക്കിട്ടതായി വിവരങ്ങളുണ്ട്. യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയതായും പറയുന്നു.