Sorry, you need to enable JavaScript to visit this website.

കുട്ടിയെ ആദ്യം കണ്ടത് മൂന്ന് കോളജ് വിദ്യാർത്ഥികൾ; എത്തിച്ചത് മഞ്ഞയും പച്ചയും ചുരിദാറിട്ട സ്ത്രീ

കൊല്ലം - നാടിനെ പരിഭ്രാന്തിയിലാക്കിയ ശേഷം കൊല്ലം ആശ്രാമം മൈതാനിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആറുവയസ്സുകാരി അഭിഗേൽ സാറ റെജിയെ ആദ്യം കണ്ടത് കൊല്ലം എസ്.എൻ കോളജിലെ മൂന്ന് വിദ്യാർത്ഥിനികൾ. കുട്ടിക്കൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നതായി വിദ്യാർത്ഥികൾ പറഞ്ഞു.
  ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചത് 35 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയാണെന്നാണ് വിദ്യാർത്ഥികളുടെ മൊഴി. ഇത് പ്രകാരം പോലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ നിന്നും യുവതി കുട്ടിയുമായി ആശ്രാമം മൈതാനത്ത് എത്തിയത് ഓട്ടോറിക്ഷയിലാണെന്ന് വ്യക്തമായി. ഈ ഓട്ടോറിക്ഷാ ഡ്രൈവറെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
 ഓട്ടോറിക്ഷാ ഡ്രൈവറെ വിളിച്ചുവരുത്തി പോലീസ് സംസാരിച്ചെങ്കിലും തനിക്ക് യാതൊരു പരിചയവുമില്ലാത്ത സ്ത്രീയാണ് ഓട്ടോറിക്ഷയിൽ കുട്ടിയുമായി കയറിയതെന്നാണ് ഡ്രൈവറുടെ മൊഴി. ലിങ്ക് റോഡിൽ നിന്ന് ഓട്ടോയിൽ കയറിയതാണ് ഇവരെന്ന് ഡ്രൈവർ പറഞ്ഞു. യുവതി ആവശ്യപ്പെട്ട പ്രകാരം ഇരുവരെയും ആശ്രാമം മൈതാനത്ത് ഇറക്കിയെന്നും പറഞ്ഞു. കുട്ടിയുടെ മുഖത്തും സ്ത്രീയുടെ മുഖത്തും മാസ്‌കുണ്ടായിരുന്നുവെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു.

  മൈതാനത്ത് പേടിച്ച് ടെൻഷനടിച്ച നിലയിലായിരുന്നു കുട്ടി. പോലീസ് ഉടനെ സ്ഥലത്തെത്തി കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യശ്രുശ്രൂഷകൾ അടക്കം നടത്തി. ഇന്നലെ വൈകുന്നേരം സഹോദരനൊപ്പം ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അജ്ഞാതർ ഒരു വെളുത്ത കാറിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് നാട് ഒന്നടങ്കം ഉറങ്ങാതെ തിരച്ചിൽ തുടരുന്നതിനിടെയാണ് കുട്ടിയെ മൈതാനത്ത് ഉപേക്ഷിച്ച് തട്ടിപ്പുസംഘം രക്ഷപ്പെട്ടത്. കുട്ടിയെ കാണാതായി 20 മണിക്കൂറിനുശേഷം ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയെന്ന ശുഭവാർത്തയിൽ നാട് ഒന്നടങ്കം സന്തോഷക്കണ്ണീർ പൊഴിച്ചത്.
 മഞ്ഞയും പച്ചയും നിറമുള്ള ചുരിദാറിട്ട സ്ത്രീയാണ് കുട്ടിയെ മൈതാനിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞതെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. സ്ത്രീയെ കണ്ടെത്താനായി സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ച് പോലീസ് ഊർജിത അന്വേഷണം തുടരുകയാണ്.
 

 

Latest News