Sorry, you need to enable JavaScript to visit this website.

ഇ.ഡിക്ക് തമിഴ്‌നാട്ടിലും തിരിച്ചടി, കലക്ടമാർക്ക് അയച്ച സമൻസിന് സ്‌റ്റേ

ചെന്നൈ- തമിഴ്‌നാട്ടിലെ അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ അഞ്ച് ജില്ലാ കലക്ടർമാർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അയച്ച സമൻസ് മദ്രാസ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. അരിയല്ലൂർ, വെല്ലൂർ, തഞ്ചാവൂർ, കരൂർ, തിരുച്ചിറപ്പള്ളി ജില്ലാ കലക്ടർമാർക്കുവേണ്ടി സംസ്ഥാന പൊതുവകുപ്പ് സെക്രട്ടറി കെ നന്തകുമാർ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ എസ് എസ് സുന്ദർ, സുന്ദർ മോഹനി എന്നിവരടങ്ങിയ രണ്ടംഗ മദ്രാസ് ഹൈക്കോടതി ബെഞ്ച് നവംബർ 28ലേക്ക് മാറ്റി. 
അതാത് അധികാരപരിധിക്കുള്ളിലെ മണൽ ഖനന പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്നതിന് വിവിധ തീയതികളിൽ കളക്ടർമാരുടെ വ്യക്തിപരമായ സാന്നിധ്യം നിർബന്ധമാക്കിയ ഇ.ഡിയുടെ സമൻസ് അസാധുവാക്കണമെന്ന് അപേക്ഷയിൽ ആവശ്യപ്പെട്ടു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പി.എം.എൽ.എ) പ്രകാരമാണ് അന്വേഷണ ഇ.ഡി സമൻസ് അയച്ചത്. അന്വേഷണത്തിന്റെ മറവിൽ ജില്ലാ കലക്ടർമാർക്ക് സമൻസ് നൽകുന്ന ഏകപക്ഷീയ നടപടിയാണ് ഇഡി സ്വീകരിച്ചിരിക്കുന്നതെന്ന് നന്തകുമാർ തന്റെ ഹർജിയിൽ വാദിച്ചു. ഇ.ഡിക്ക് ജില്ലാ കലക്ടർമാരെ നേരിട്ട് വിളിച്ചുവരുത്താനാകില്ലെന്നായിരുന്നു തമിഴ്നാട് സർക്കാരിന്റെ വാദം. സംസ്ഥാന സർക്കാരിനോട് സഹായം അഭ്യർത്ഥിക്കാൻ മാത്രമേ ഇഡിക്ക് കഴിയൂ എന്നും സർക്കാർ വാദിച്ചു. പാർലമെന്റ് ഇ.ഡിക്ക് അനിയന്ത്രിതമായ അധികാരം നൽകിയിട്ടില്ലെന്നും സംസ്ഥാന സർക്കാർ കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഇത്തരം കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള ഇ.ഡിയുടെ അധികാരം ഫെഡറലിസത്തിന് എതിരാണെന്നും സർക്കാർ വാദിച്ചു. 
എന്നാൽ, സ്വകാര്യ വ്യക്തികളെയും സർക്കാർ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്താമെന്നാണ് അന്വേഷണ ഏജൻസിയുടെ വാദം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) അന്വേഷണവുമായി ബന്ധപ്പെട്ട് ആരെയും വിളിച്ചുവരുത്താനുള്ള അധികാരം നൽകുന്നുണ്ടെന്നും അതിൽ പറയുന്നു.
 

Latest News