കൊല്ലം - കൊല്ലത്ത് ആറ് വയസ്സുൂകാരി അഭികേല്‍ സാറയെ തട്ടിക്കൊണ്ടു പോയ സംഭവത്തിന്റെ അന്വേഷണത്തില്‍ കാര്യമായ വിവരങ്ങള്‍ ലഭിക്കാതായതോടെ സംഭവ സ്ഥലത്ത് നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള ഒരു വീട്ടില്‍ സ്ത്രീ മുഖം മറച്ച് എത്തിയതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നു. സൈനികനായ ബിജുവിന്റെയും ഭാര്യ ചിത്രയുടെയും വീട്ടില്‍ ഇന്നലെ രാവിലെ എട്ടരയോടെ ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ മുഖം ഷാള്‍ കൊണ്ട് മറച്ച് എത്തിയിരുന്നു. ബിജുവിന്റെ 12 വയാസ്സായ മകള്‍ മുറിയില്‍ നിന്ന് വീടിന്റെ സിറ്റൗട്ടിലേക്കെത്തിയപ്പോള് വീടിന്റെ മുറ്റത്ത് ഇവര്‍ നില്‍ക്കുന്നതാണ് കണ്ടത്. ആരാണെന്ന് കുട്ടി ഉച്ചത്തില്‍ ചോദിച്ചപ്പോള്‍ ഇവര്‍ ഓടുകയും റോഡിലുണ്ടായിരുന്ന ഒരു പുരുഷന് ഓടിച്ച സ്കൂട്ടറില്‍ കയറി അതിവേഗം പോകുകയുമാണുണ്ടായത്. ഈ വിവരം വീട്ടമ്മ അപ്പോള്‍ തന്നെ പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട. ഈ സംഭവത്തെക്കുറിച്ച് ഈ കുട്ടിയുടെ അമ്മ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്ക് വെച്ചിരുന്നു. ഈ വീട്ടിലെ രണ്ടര വയസ്സുള്ള ആണ്‍കുട്ടിയെ കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണോ നടന്നതെന്നാണ് അവര്‍ സംശയിക്കുന്നത്. ഈ പോസ്റ്റിട്ട് ഏതാനും മണിക്കൂറുകള്‍ക്കുള്ളതിലാണ് അത് നടന്ന സ്ഥലത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെ അഭികേല്‍ സാറയെ കാറില്‍ തട്ടിക്കൊണ്ടു പോയത്. ഈ രണ്ടു സംഭവങ്ങളുമായി ബന്ധമുണ്ടോയെന്ന കാര്യമാണ് പോലീസ് പരിശോധിക്കുന്നത്.