Sorry, you need to enable JavaScript to visit this website.

കുട്ടിയെ തട്ടിക്കൊണ്ട് പോയിട്ട് എട്ട് മണിക്കൂര്‍ പിന്നിട്ടു, ഉറക്കമില്ലാതെ കേരളം, ആശങ്ക വര്‍ധിക്കുന്നു


കൊല്ലം - കൊല്ലം ഓയൂരില്‍ സഹോദരനൊപ്പം ട്യൂഷന് പോകുന്നതിനിടെ തട്ടിക്കൊണ്ടു പോയ ആറുവയസ്സുകാരി അഭികേല്‍ സാറയ്ക്കായി കേരളം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് എട്ട് മണിക്കൂര്‍ പിന്നിട്ടു. ഇതോടെ ആശങ്കയും വര്‍ധിക്കുകയാണ്. ഇത്രയും നേരം നാട് മുഴുവന്‍ അരിച്ചു പെറുക്കി അന്വേഷിച്ചിട്ടും കുട്ടിയെ കണ്ടെത്തുന്നതിനോ പ്രതികളിലേക്ക് എത്തുന്നതിനുള്ള തെളിവുകളോ പോലീസിന് കിട്ടിയിട്ടില്ല. സംശയമുള്ള എല്ലായിടങ്ങളിലും പോലീസ് തിരച്ചില്‍ നടത്തുകയും സംശയമുള്ള വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നുണ്ട്.  ഒപ്പം കൊല്ലം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നാട്ടുകാരും വിവിധ സംഘങ്ങളായി തിരിഞ്ഞ് ഒറ്റപ്പെട്ട സ്ഥലങ്ങളിലും അടച്ചിട്ട വീടുകളിലും പരിശോധന നടത്തിയിട്ടും ഇതുവരെ കാര്യമൊന്നുമുണ്ടായിട്ടില്ല. കിട്ടിയ വിവരങ്ങളും മൊഴികളുമെല്ലാം പോലീസ് ഇഴകീറി പരിശോധിക്കുന്നുണ്ട്. പ്രതികള്‍ കൊല്ലം ജില്ല വിട്ടു പോയിട്ടില്ലെന്ന് തന്നെയാണ് ഇപ്പോഴും പോലീസ് പറയുന്നത്.
ഓയൂരും പരിസര പ്രദേശവും വളരെ കൃത്യമായി അറിയാവുന്നവര്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലുണ്ടെന്നാണ് പോലീസിന്റെ നിഗമനം. അതുകൊണ്ടാണ് പ്രദേശത്തെ സിസിടിവികളില്‍ പെടാത്ത രീതിയില്‍ പ്രതികള്‍ കാറിലും ഓട്ടോറിക്ഷയിലും സഞ്ചരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. പാരിപ്പള്ളിയിലോ പരിസരത്തോ ഇവര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് തന്നെയാണ് പോലീസ് കണക്ക് കൂട്ടുന്നത്. സംഘത്തില്‍ പെട്ട ഒരു സ്ത്രീയും പുരുഷനും ഓട്ടോറിക്ഷയില്‍ പാരിപ്പള്ളിയിലെ കടയില്‍ എത്തിയിരുന്നു. കടക്കാരന്റെ ഫോണ്‍ വാങ്ങിയ സ്ത്രീ കുട്ടിയുടെ അമ്മയെ വിളിച്ച് അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടിരുന്നു. പിന്നീട് മറ്റൊരു ഫോണില്‍ നിന്ന് വീണ്ടും ഒരു സ്ത്രീ വിളിച്ച് പത്ത് ലക്ഷം രൂപ തയ്യാറാക്കി വെയ്ക്കണമെന്നും രാവിലെ 10 മണിയോടെ കുട്ടിയെ മോചിപ്പിക്കുമെന്നും പോലീസിനെ അറിയിക്കരുതെന്നും കുട്ടിയുടെ ബന്ധുവിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് അന്വേഷണം വഴി തെറ്റിക്കുന്നതിന് വേണ്ടിയാണോയെന്ന സംശയവും ഉണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോയ കാര്‍ കഴിഞ്ഞ രണ്ടു ദിവസമായി കുട്ടിയുടെ വീടിന് സമീപത്ത് ചുറ്റിത്തിരിയുന്നതായി  കുട്ടികളില്‍ ചിലര്‍ നാട്ടുകാരോട് പറഞ്ഞിട്ടുണ്ട്. വളരെ ആസൂത്രിതമായാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന കാര്യം ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. വലിയൊരു സംഘം തന്നെ ഇതിന് പിന്നിലുണ്ടെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പഴുതടച്ച അന്വേഷണം നടത്തുമ്പോഴും കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതും പ്രതികളിലേക്ക് എത്താന്‍ കഴിയാത്തതും വലിയ ആശങ്കയായി തുടരുകയാണ്. കുട്ടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവരോട് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Latest News