ന്യൂദല്‍ഹി- ചലച്ചിത്ര താരം രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ചതിന് പിന്നാലെ ആലിയ ഭട്ടിന്റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇതേക്കുറിച്ച് ആലിയ ഭട്ട് പ്രതികരണം നടത്തിയിട്ടില്ലെങ്കിലും ഇത്തരം വീഡിയോകള്‍ ഇനിയും പ്രചരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ചലച്ചിത്ര നടിയുടെ രണ്ടാമത്തെ വീഡിയോയാണ് പ്രചരിക്കുന്നത്.
നീലപ്പൂക്കളോടു കൂടിയ വസ്ത്രം ധരിച്ച ഒരു സ്ത്രീ കട്ടിലില്‍ ഇരിക്കുന്നതും അവര്‍ക്ക് ആലിയ ഭട്ടിന്റെ മുഖമാണ് ഡിജിറ്റലായി സ്ഥാപിച്ചിരിക്കുന്നത്. ഈ സ്ത്രീ ക്യാമറയ്ക്ക് നേരെ ആംഗ്യം കാണിക്കുകയാണ്.
ലിഫ്റ്റില്‍ കയറുന്ന രശ്മിക മന്ദാന ചിരിക്കുന്നതും മറ്റുമാണ് ആദ്യമിറങ്ങിയ വീഡിയോയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ സൂക്ഷമ പരിശോധനയില്‍ അവര്‍ രശ്മിക മന്ദാനയല്ലെന്ന് തിരിച്ചറിഞ്ഞിരുന്നു. ബ്രിട്ടീഷ് ഇന്ത്യന്‍ സോഷ്യല്‍ മീഡിയാ താരമായ സാറ പട്ടേലിന്റെ വീഡിയോയാണ് രശ്മികയുടേതായി മുഖം മാറ്റി അവതരിപ്പിച്ചിരിക്കുന്നത്. സ്ലീവ്‌ലെസ് ബ്ലാക്ക് യൂണിറ്റാര്‍ഡ് ധരിച്ച സാറ പട്ടേല്‍ ലിഫ്റ്റില്‍ കയറുന്ന വീഡിയോ ഒക്ടോബര്‍ ഒന്‍പതിനാണ് പങ്കിട്ടത്.
വ്യാജ വീഡിയോ ചിത്രീകരിച്ചവരുടെ ഉദ്ദേശ്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. എന്നാല്‍ ഇത്തരത്തിലുള്ള വീഡിയോകള്‍ ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. സമീപ വര്‍ഷങ്ങളില്‍ നിരവധി സെലിബ്രിറ്റികള്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സെലിബ്രിറ്റികള്‍ മാത്രമല്ല, ഉള്‍പ്പെട്ട വ്യക്തിയുടെ ലിംഗഭേദമോ പദവിയോ പരിഗണിക്കാതെയാണ് ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നതെന്നും പറയുന്നു.
ആലിയ ഭട്ടിന്റെ ഡീപ് ഫേക്ക് വീഡിയോ രംഗത്തു വന്നതിന് പിന്നാലെ പ്രതികരണവുമായി രശ്മിക മന്ദാന രംഗത്തെത്തി. രണ്‍ബീര്‍ കപൂറിനൊപ്പമുള്ള പുതിയ ചിത്രം ആനിമലിന്റെ പ്രമോഷന് ഹൈദരബാദില്‍ പങ്കെടുക്കവെയാണ് രശ്മിക അഭിപ്രായം രേഖപ്പെടുത്തിയത്.
ഡീപ് ഫേക് വീഡിയോ ആദ്യം കണ്ടപ്പോള്‍ താന്‍ ഭയന്നു പോവുകയും ആശങ്കപ്പെടുകയും ചെയ്തിരുന്നതായി രശ്മിക പറഞ്ഞു. ആരും തന്നെ പിന്തുണക്കാനുണ്ടാവില്ലെന്നും കരുതിയതായി അവര്‍ പറയുന്നു. എന്നാല്‍ അമിതാഭ് ബച്ചന്‍ പിന്തുണയുമായി രംഗത്തെത്തിയതോടെ മറ്റുള്ളവരും പ്രതികരിച്ചുവെന്നും അത് തന്നെ സുരക്ഷിതയാക്കിയെന്നും രശ്മിക പറഞ്ഞു.
ഇത്തരം അസാധാരണ സംഭവം നടന്നാല്‍ മറ്റുള്ളവര്‍ പിന്തുണ നല്‍കുമെന്നും പ്രതികരിക്കാനാവുമെന്നും രശ്മിക പെണ്‍കുട്ടികളെ ഉപദേശിച്ചു. സാങ്കേതികവിദ്യയുടെ ദുരുപയോഗം അങ്ങേയറ്റം ഭയാനകമാണെന്നും സ്ത്രീയെന്ന നിലയിലും അഭിനേതാവെന്ന നിലയിലും തനിക്ക് പിന്തുണയും സംരക്ഷണവും നല്‍കുന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും അവര്‍ നന്ദി അറിയിക്കുകയും ചെയ്തു.
സ്‌കൂളിലോ കോളജിലോ പഠിക്കുമ്പോഴാണ് തനിക്ക് ഇത്തരമൊരു അനുഭവമുണ്ടാകുന്നതെങ്കില്‍ എങ്ങനെയാണ് ഇതിനെ നേരിടുകയെന്ന കാര്യം സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും രശ്മിക മന്ദാന പറഞ്ഞു. കൂടുതല്‍ പേര്‍ ഇതിന്റെ ഇരകളാകുന്നതിന് മുമ്പ് അടിയന്തിരമായും ഈ വിഷയം അഭിസംബോധന ചെയ്യപ്പെടണമെന്നും അവര്‍ പറഞ്ഞു. വീഡയോയ്‌ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.