കൊല്ലം- ഉദ്വേഗം നിറഞ്ഞ മണിക്കൂറുകള്‍ക്ക് വിട. ഇന്നലെ നാല് മണിയോടെ ഓയൂരില്‍നിന്ന് തട്ടിക്കൊണ്ടുപോയ ഏഴുവയസ്സുകാരിയെ കൊല്ലത്ത് കണ്ടെത്തി .
കേരളം ഒന്നാകെ ഏറ്റെടുത്ത സംഭവമായി മാറിയ ഈ തട്ടിക്കൊണ്ടുപോകല്‍. സമയം പാഴാക്കാതെ അന്വേഷിക്കാനിറങ്ങിയ പോലീസും സംഭവം ലൈവായി നിര്‍ത്തിയ മാധ്യമങ്ങളും കുറ്റവാളികളെ ഏറെ ദൂരം പോകാന്‍ അനുവദിച്ചില്ല.
ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് തട്ടിക്കൊണ്ടുപോയത്. ട്യൂഷന് പോകുമ്പോള്‍ കാറിലെത്തിയ സംഘം അഭികേലിനെ തട്ടിക്കൊണ്ടുപോയി എന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരന് ജോനാഥന് പറയുന്നത്.
കുട്ടിയെ തട്ടിയെടുത്ത് രണ്ട് മണിക്കൂറിന് ശേഷം അമ്മക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ കാള്‍ ലഭിച്ചു. ആദ്യം അഞ്ചുലക്ഷവും പിന്നീട് 10 ലക്ഷവുമാണ് ആവശ്യപ്പെട്ടത്.
ട്യൂഷന് പോകവേ നാലരയോടെയാണ് സംഭവം. കാറിലെത്തിയ സംഘം അഭിഗേലിനെ തട്ടിക്കൊണ്ടുപോയി എന്നാണ് ഒപ്പമുണ്ടായിരുന്ന സഹോദരന് ജോനാഥന് പറയുന്നത്. കാറ്റാടിമുക്കില്‍വെച്ച് കാറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ജൊനാഥന് പറയുന്നു. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം വീട്ടിനടുത്തുള്ള ട്യൂഷന് ക്ലാസിലേക്ക് പോകുന്ന വഴിയാണ് സംഭവം നടന്നത്.
സംഭവം അറിഞ്ഞയുടന്‍ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ജില്ലാ അതിര്‍ത്തികളിലും വ്യാപകമായ പരിശോധന നടത്തി. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. പോലീസിനെക്കൂടാതെ ജനങ്ങളും അന്വേഷണത്തിനായി രംഗത്തിറങ്ങി. മുഖ്യമന്ത്രി നേരിട്ട് പോലീസ് അധികൃതരെ വിളിച്ച് അന്വേഷണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്കി. തീരദേശപാതയും തിരുവനന്തപുരം-ചെങ്കോട്ട റൂട്ടിലും കളിയിക്കവിളയിലും പോലീസ് തിരച്ചില്‍ നടത്തി.
കുട്ടിയുടെ അമ്മക്ക് വന്ന ഫോണ്‍ കോളിന്റെ ഉറവിടം പോലീസ് കണ്ടെത്തി. പാരിപ്പള്ളിക്കടുത്ത കിഴക്കനേലക്ക് സമീപമുള്ള ഒരു ചായക്കടയില്‍നിന്നാണ് ഫോണ്‍കോള്‍ വന്നത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് വിശദമായി പരിശോധന നടത്തി. ഓട്ടോയില്‍ വന്ന ഒരു പുരുഷനും സ്ത്രീയും കടയിലേക്ക് കയറി ബിസ്കറ്റും റസ്കും വാങ്ങിയെന്നും ഇതിനിടെ തന്റെ മൊബൈല്‍ വാങ്ങി ഫോണ്‍ ചെയ്തെന്നും കടയുടമയായ വനിത പറഞ്ഞു. മാറിനിന്ന് സംസാരിച്ചതിനാല്‍ കേട്ടില്ല. ഓട്ടോയും മുന്നിലേക്ക് മാറിയാണ് നിര്‍ത്തിയിട്ടത്. ഈ ഫോണില്‍നിന്നാണ് കുട്ടിയുടെ അമ്മയെ വിളിച്ച് പണം ആവശ്യപ്പെട്ടത്.
തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ ഉടമയുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. സംഭവത്തോടനുബന്ധിച്ച് വ്യാപകമായി വ്യാജപ്രചാരണം നടക്കുന്നതായും ഇതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും സ്ഥലത്തെത്തിയ എം.കെ. പ്രേമചന്ദ്രന് എം.പിയും ഗണേശ് കുമാര്‍ എം.എല്‍.എയും പറഞ്ഞു. കുടുംബവുമായി ശത്രുതയുള്ള ആരോ ആണ് ചെയ്തതെന്ന് കരുതുന്നതായി എം.എല്‍.എ പറഞ്ഞു.
ആസൂത്രിതമായാണ് സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്.