കൊല്ലം - കൊല്ലം ഓയൂരില്‍ സഹോദരനൊപ്പം ട്യൂഷന് പോകുന്നതിനിടെ തട്ടിക്കൊണ്ടു പോയ ആറ് വയസ്സുകാരിയെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി പോലീസിന്റെ പരിശോധന. കൊല്ലത്തും അയല്‍ ജില്ലകളിലും വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയാണ്. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുകയും അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് കാറിലെത്തിയ സംഘം ഇന്ന് വൈകുന്നേരം തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയിട്ട് നാലുമണിക്കൂറിലേറെ കഴിഞ്ഞിട്ടും പോലീസിന് കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. കുട്ടിയെ മോചിപ്പിക്കണമെങ്കില്‍ അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം വേണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയ്ക്ക് വന്ന ഫോണ്‍ കോളിനെക്കുറിച്ചാണ് ഇപ്പോള്‍ പ്രധാനമായും അന്വേഷണം നടക്കുന്നത്. ഇത് സംബന്ധിച്ച് കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
കാറില്‍ നാല് പേരുണ്ടായിരുന്നുവെന്നും സഹോദരിയെ പിടിച്ച് വലിച്ചു കൊണ്ടുപോവുകയായിരുന്നു എന്നുമാണ് ഒപ്പമുണ്ടായിരുന്ന സഹോദരന് ജോനാഥന് പറയുന്നത്. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്നും അമ്മയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞ് ഇവര്‍ ഒരു കത്ത് നല്‍കിയെങ്കിലും അത് താന്‍ വാങ്ങിയില്ലെന്നും സഹോദരന് പറയുന്നു. കുട്ടിയെ കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ച സഹോദരനും പരിക്കേറ്റിട്ടുണ്ട്. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലാണ് തട്ടിക്കൊണ്ടുപോയത്. ഈ കാറിന്റെ നമ്പര്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.