Sorry, you need to enable JavaScript to visit this website.

ഐറിഷ് എഴുത്തുകാരന്‍ പോള്‍ ലിഞ്ചിന് ബുക്കര്‍ സാഹിത്യ പുരസ്‌ക്കാരം 

ലണ്ടന്‍- ഐറിഷ് എഴുത്തുകാരന്‍ പോള്‍ ലിഞ്ചിന് ബുക്കര്‍ സാഹിത്യ പുരസ്‌ക്കാരം. പ്രോഫറ്റ് സോങ് എന്ന നോവലാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അര ലക്ഷം പൗണ്ടാണ് (ഏകദേശം അഞ്ചേകാല്‍ ലക്ഷം രൂപ) സമ്മാനത്തുക.

163 പ്രസാധകര്‍ സമര്‍പ്പിച്ച നോവലുകളില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ആറ് കൃതികളില്‍നിന്നാണ് പ്രോഫറ്റ് സോങ്ങിനെ പുരസ്‌കാരത്തിനു തെരഞ്ഞെടുത്തത്. നാല്‍പ്പത്താറുകാരനായ ലിഞ്ചിന്റെ അഞ്ചാമത്തെ നോവലാണിത്.

ഏകാധിപത്യത്തിന്റേയും യുദ്ധത്തിന്റേയും പിടിയിലാകുന്ന അയര്‍ലന്‍ഡിന്റെ സാങ്കല്‍പ്പിക പശ്ചാത്തലത്തിലാണ് നോവല്‍ പുരോഗമിക്കുന്നത്. ഒരു സ്ത്രീ തന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ഇതിവൃത്തം. പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളെയും സിറിയയിലെ അഭയാര്‍ഥി പ്രശ്‌നത്തെയുമെല്ലാം സ്വന്തം അനുഭവമായി വായനക്കാര്‍ക്ക് അനുഭവപ്പെടുത്താനുള്ള ശ്രമമാണ് താന്‍ നടത്തിയെന്ന് ലിഞ്ച് പറഞ്ഞു.

അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ തീവ്ര വലതുപക്ഷ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട് 48 മണിക്കൂറിനുള്ളിലാണ് ഈ നോവലിനു പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമായി. ഹൃദയഭേദകമായ വായനാനുഭവം എന്നാണ് നോവലിനെ പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തിയത്.

മുഴുവന്‍ സമയ എഴുത്തുകാരനാകുന്നതിനു മുന്‍പ് സിനിമ നിരൂപണത്തില്‍ സ്‌പെഷ്യലൈസ് ചെയ്ത മാധ്യമ പ്രവര്‍ത്തകനായിരുന്നു പോള്‍ ലിഞ്ച്.

Latest News