Sorry, you need to enable JavaScript to visit this website.

കുസാറ്റിലെ ദുരന്തം: സര്‍വ്വകലാശാലയുടെ വീഴ്ച വ്യക്തമാക്കുന്ന കത്ത് പുറത്തായി

കൊച്ചി - കുസാറ്റ് ക്യാമ്പസിലെ ടെക്‌ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിച്ച സംഭവത്തില്‍ സര്‍വ്വകലാശാലയുടെ വീഴ്ച വ്യക്തമാക്കുന്ന കത്ത് പുറത്തായി. പരിപാടിക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പാള്‍ രജിസ്ട്രാര്‍ക്ക് നല്‍കിയ കത്താണ് പുറത്തു വന്നത്. കത്ത് ലഭിച്ചിട്ടും രജിസ്ട്രാര്‍ നടപടി എടുത്തില്ല എന്നാണ് ആരോപണം.  കുസാറ്റിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പളിന്റെ പേരില്‍ പുറത്ത് വന്ന കത്തിലാണ് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി പോലീസ് സുരക്ഷ ഏര്‍പ്പെടുത്തമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. അച്ചടക്കം ഉറപ്പാക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും അവിചാരിതമായ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി പോലീസ് സുരക്ഷ നിര്‍ബന്ധമാണെന്നും അതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്. ദിഷ്ണ 2023 എന്ന പേരില്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങിലെ വിദ്യാര്‍ത്ഥികള്‍ നവംബര്‍ 24,25 തീയതികളില്‍ പരിപാടി നടത്തുന്നുണ്ട് എന്നും ആവശ്യത്തിനു പോലീസ് സുരക്ഷവേണം എന്നും കത്തില്‍ പറയുന്നുണ്ട്.  ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയിലേക്ക് പുറത്ത് നിന്നുള്ളവരും വരാന്‍ സാധ്യതയുണ്ട്. പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനുമാണ് ആവശ്യത്തിനു പോലീസിനെ ഉറപ്പാക്കേണ്ടതെന്നും കത്തില്‍ പറയുന്നുണ്ട്. പ്രിന്‍സിപ്പള്‍ നല്‍കിയ ഈ കത്തില്‍ പോലീസ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള യാതൊരു നടപടിയും സര്‍വ്വകലാശാല സ്വീകരിക്കുകയോ കത്ത് പോലീസിന് കൈമാറുകയോ ചെയ്തില്ല. 
ഇതിനിടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച സമിതിയും സര്‍വകലാശാല സിന്‍ഡിക്കറ്റ് സമിതിയും ഇന്ന് യോഗം ചേര്‍ന്നു. കുസാറ്റ് വൈസ് ചാന്‍സലറെ  അടിയന്തരമായി നീക്കം ചെയ്യണമെന്നും, നാല് വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ ടെക് ഫെസ്റ്റിന്റെ നടത്തിപ്പിനെക്കുറിച്ച് ജുഡീഷ്യല്‍  അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മറ്റി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി.

 

Latest News