Sorry, you need to enable JavaScript to visit this website.

ജസ്റ്റിസ് ഫാത്തിമ ബീവിയുടെ മരണം; മുഖ്യമന്ത്രിയുടെ പരാമർശം ഞെട്ടിച്ചുവെന്ന് ജമാഅത്ത് കമ്മിറ്റി

പത്തനംതിട്ട - സുപ്രിം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയും തമിഴ്‌നാട് മുൻ ഗവർണറുമായിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ജമാഅത്തിനെതിരെ നടത്തിയ പരാമർശം ഖേദകരമാണെന്ന് പത്തനംതിട്ട മുസ്‌ലിം ജമാഅത്ത് കമ്മിറ്റി. 
 സ്ഥലം എം.എൽ.എ എന്ന നിലയിൽ മന്ത്രി വീണാ ജോർജ് സംസ്‌കാര ചടങ്ങിൽ എത്താതിരുന്നതിലുള്ള വിഷമം ജമാഅത്ത് പ്രകടിപ്പിച്ചത് ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്നും സർക്കാരിൽ നിന്ന് ഇത്തരമൊരു സമീപനം മതനിരപേക്ഷ സമൂഹം തീരെ പ്രതീക്ഷിച്ചതല്ലെന്നും ജമാഅത്ത് പ്രസിഡന്റ് ഹാജി എച്ച് ഷാജഹാൻ വ്യക്തമാക്കി.
 മറ്റു ലക്ഷ്യങ്ങൾ വച്ചാണ് ജമാഅത്തിന്റെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായതെന്നും നവകേരള സദസ്സ് ഉള്ളതിനാൽ മന്ത്രിമാർക്ക് വിട്ടുനിൽക്കാൻ കഴിയില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
 'ജസ്റ്റിസ് ഫാത്തിമ ബീവിയുടെ മരണത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാട് വേദനാജനകമാണ്. എന്നാലും അത് അപ്രതീക്ഷിതമായിരുന്നില്ല എന്നാൽ, കേരള സർക്കാരിൽ നിന്ന് ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചില്ല. ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മാന്യമായി മറുപടി പറയാൻ പോലും മുഖ്യമന്ത്രിക്ക് സാധിച്ചില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിക്കും ഞെട്ടലോടെയാണ് കേട്ടത്. സ്വന്തം മന്ത്രിയെ ന്യായീകരിക്കാൻ സമുദായത്തിന്റെ ഉദ്ദേശശുദ്ധിയെ മുഖ്യമന്ത്രി ചോദ്യം ചെയ്തത് അത്യന്തം നിർഭാഗ്യകരമാണെന്നും ജമാഅത്ത് പ്രസിഡന്റ് ഹാജി എച്ച് ഷാജഹാൻ പ്രതികരിച്ചു.

ജമാഅത്ത് പ്രസ്താവന:
'സുപ്രിം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയും പത്തനംതിട്ട ടൗൺ ജമാഅത്ത് അംഗവുമായിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജമാഅത്തിനെതിരെ നടത്തിയ പരാമർശം ഖേദകരമാണ്. സ്ഥലം എം.എൽ.എ എന്ന നിലയിൽ മന്ത്രി വീണ ജോർജ് സംസ്‌കാര ചടങ്ങിൽ എത്താതിരുന്നതിലുള്ള വിഷമം ജമാഅത്ത് പ്രകടിപ്പിച്ചത് ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല.
 ജമാഅത്ത് അംഗങ്ങളുടെ പൊതു വികാരമാണ് ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവിയും ജമാഅത്ത് പ്രസിഡന്റ് ഹാജി എച്ച് ഷാജഹാനും പ്രകടിപ്പിച്ചത്. ഇത്തരം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നത് ജനാധിപത്യ അവകാശമാണ്. രാജ്യത്തെ ഉന്നത ഭരണഘടന പദവികളിൽ സതുത്യർഹമായ സേവനംചെയ്ത ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഭൗതിക ശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാൻ എത്താതിരുന്നതിലുള്ള ബഹുമാനപ്പെട്ട മന്ത്രി വീണ ജോർജിന്റെ പ്രവർത്തി ജമാഅത്ത് അംഗങ്ങളിൽ വേദന ഉളവാക്കിയിട്ടുണ്ട്.
 

Latest News