Sorry, you need to enable JavaScript to visit this website.

മറ്റുവ സമൂഹത്തിന്റെ അവകാശം ഹനിക്കാൻ ആർക്കും കഴിയില്ലെന്ന് കേന്ദ്ര അഭ്യന്തര സഹമന്ത്രി

കൊൽക്കത്ത - മറ്റുവ സമൂഹത്തിന്റെ പൗരത്വ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര അഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്ര പറഞ്ഞു. മറ്റുവ സമുദായത്തിന്റെ അവകാശങ്ങളെ തട്ടിയെടുക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 
 ബംഗ്ലാദേശിലെ മതപീഡനത്തിൽ നിന്ന് അഭയം തേടിയ ആളുകൾ അടങ്ങുന്ന സമൂഹമാണ് മറ്റുവയെന്നും പൗരത്വ ഭേദഗതി നിയമത്തിന്റെ അന്തിമ കരട് മാർച്ച് 30-നകം പൂർത്തിയാകുമെന്നും പശ്ചിമ ബംഗാളിലെ മാറ്റുവ സമൂഹത്തെ അഭിസംബോധന ചെയ്യവെ കേന്ദ്രമന്ത്രി പറഞ്ഞു.
 പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ് മോഡി സർക്കാർ. 2019-ൽ ബിൽ ഇരുസഭകളിലും പാസാക്കി, 2020ൽ ഇന്ത്യയിലെ നിയമായി മാറി. നിയമം നടപ്പാക്കുന്നതിന് ചട്ടം തയ്യാറാക്കാനുള്ള ശ്രമത്തിലാണ്. ലോക്‌സഭയ്ക്ക് 2024 ജനുവരി ഒൻപത് വരെയും രാജ്യസഭാ സമിതിക്ക് മാർച്ച് 30 വരെയും സമയപരിധിയുണ്ടെന്നും മിശ്ര പറഞ്ഞു.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് മത  പീഡനം നേരിട്ട് 2014 ഡിസംബർ 31ന് മുൻപായി ഇന്ത്യയിലേക്ക് കുടിയേറിയിട്ടുള്ള മുസ്‌ലിംകൾ ഒഴികെയുള്ള ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാർസി, ക്രിസ്ത്യൻ മതവിശ്വാസികളായിട്ടുള്ളവർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.
 ഇന്ത്യയിൽ ജനിച്ചുവളർന്ന മതനന്യൂനപക്ഷങ്ങളെ രാജ്യത്തുനിന്നും തുടച്ചുമാറ്റാൻ കഴിഞ്ഞ രണ്ടുവർഷമായി പൗരത്വ നിയമത്തിന്റെ മറപിടിച്ച് നിഗൂഢമായ നീക്കങ്ങൾ നടത്തിവരികയാണ് ഹിന്ദുത്വ ശക്തികളും മോഡി സർക്കാറും. ഇതിനെതിരേ രാജ്യത്തുയർന്ന പൗരത്വ പ്രതിഷേധത്തെ ചോരയിൽ മുക്കാനും വംശഹത്യ ചെയ്യാനുമാണ് അണിയറയിൽ നീക്കം നടന്നത്.

Latest News