Sorry, you need to enable JavaScript to visit this website.

ആലപ്പുഴ നൂറനാട്ടെ മണ്ണെടുപ്പ് പുനരാരംഭിച്ചു;  പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാര്‍

ആലപ്പുഴ-നൂറനാട് മണ്ണെടുപ്പ് പുനരാരംഭിച്ചു. മണ്ണെടുക്കാനുള്ള ലോറികള്‍ മറ്റപ്പള്ളി മലയില്‍ എത്തി. ഇതോടെ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍. തീരുമാനം ഉണ്ടാകുന്നത് വരെ മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ സര്‍വ്വകക്ഷിയോഗം തീരുമാനിച്ചിരുന്നു. മന്ത്രി പി പ്രസാദിന്റെ വീടിന് തൊട്ടടുത്താണ് ദേശീയപാത വികസനത്തിനെന്ന പേരില്‍ മണ്ണെടുക്കുന്നത്.
ഇതിനിടെ സര്‍ക്കാര്‍ പൊറാട്ട് നാടകം കളിക്കുന്നുവെന്ന് മണ്ണെടുക്കുന്ന കരാറുകാരന്‍ പറഞ്ഞു. മണ്ണെടുപ്പിന് ഇതുവരെ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടില്ല. തനിക്ക് ഇതുവരെ ഒരു കടലാസ് പോലും ലഭിച്ചിട്ടില്ല. മാധ്യമങ്ങളോട് പറഞ്ഞതല്ല തന്നോട് പറഞ്ഞത്. മണ്ണെടുക്കുന്നതിന് പോലീസിന്റെ പിന്തുണ തനിക്കുണ്ട്. ഇതുവരെ മണ്ണെടുക്കാതിരുന്നത് മഴ മൂലമാണ് എന്നും കരാറുകാരന്‍ പ്രതികരിച്ചു.
മണ്ണെടുപ്പ് നിര്‍ത്തിവെച്ചു കൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത് നവംബര്‍ 16നാണ്. കൃഷിമന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിലായിരുന്നു ചര്‍ച്ച. മണ്ണെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കലക്ടര്‍ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കലക്ടര്‍ കൈമാറും.
പരിസ്ഥിതി പഠനം അനുസരിച്ചല്ല മണ്ണെടുപ്പിന് അനുമതി നല്‍കിയതെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പി പ്രസാദ് അറിയിച്ചിരുന്നു. മണ്ണെടുക്കാനുള്ള നിയമങ്ങളും ചട്ടങ്ങളും നാട്ടിലുണ്ട്. അനുമതിയോടെയാണ് മണ്ണെടുപ്പ് ആരംഭിച്ചത്. എന്നാല്‍, പരിസ്ഥിതി പഠനം അനുസരിച്ചല്ല അനുമതി നല്‍കിയതെന്ന് ബോധ്യപ്പെട്ടതായി മന്ത്രി പറയുന്നു.
മണ്ണെടുപ്പിന് മുമ്പ് നടക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ പാലിച്ചിട്ടില്ല. എങ്ങനെയാണ് വീഴ്ച ഉണ്ടായത് എന്ന് അന്വേഷിക്കും. ആ മേഖലയുമായി റിപ്പോര്‍ട്ട് നല്‍കിയ ജിയോളജി വകുപ്പില്‍ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. മണ്ണെടുപ്പില്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ പ്രൊസീജര്‍ പാലിക്കപ്പെട്ടില്ല. സ്ഥലപരിശോധന ജിയോളജി വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പൊലിസ് നടപടി പരിശോധിക്കാന്‍ എസ്പിക്ക് ചുമതല നല്‍കി. മണ്ണെടുപ്പില്‍ കേന്ദ്രസര്‍ക്കാര്‍ പ്രോട്ടോക്കോള്‍ പാലിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചിരുന്നു.
പ്രതിഷേധത്തെ സംബന്ധിച്ച് കേസുകള്‍ പിന്‍വലിക്കുന്നതിനെ സംബന്ധിച്ച് പരിശോധിക്കും. അന്വേഷണ റിപ്പോര്‍ട്ട് വന്ന് അത് പരിശോധിച്ച ശേഷം മാത്രമായിരിക്കും ഇനി മണ്ണെടുക്കണമോ എന്ന് തീരുമാനിക്കുകയെന്നും മന്ത്രി പറഞ്ഞു

Latest News