Sorry, you need to enable JavaScript to visit this website.

ഖത്തർ സഹായിക്കണം; ഹമാസ് വിട്ടയച്ച ബന്ദികളുടെ അഭ്യർത്ഥന

ടെൽ അവീവ്- ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിന് വേണ്ടി മധ്യസ്ഥം വഹിച്ച ഖത്തർ നയതന്ത്ര ഉദ്യോഗസ്ഥരെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച ഹമാസ് മോചിപ്പിച്ച ബന്ദികൾ. ഇസ്രായിലിൽ സന്ദർശനം നടത്തുന്ന ഖത്തർ നയതന്ത്ര ഉദ്യോഗസ്ഥരെ കാണണം എന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. ശനിയാഴ്ചയാണ് ഖത്തറിലെത്തിയത്. വെടിനിർത്തൽ നീട്ടുന്നതിനുള്ള ചർച്ചകൾക്കായാണ് ഖത്തർ സംഘം ഇസ്രായിലിൽ എത്തിയത്. ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ ഖത്തറിന്റെ അടിയന്തര നടപടിയുടെ ആവശ്യകത കത്തിൽ ഊന്നിപ്പറഞ്ഞു.
ഫോറത്തിന്റെ ഡിപ്ലോമാറ്റിക് ടീം മേധാവി എമിലി മോട്ടി അയച്ച കത്തിൽ മാർക്ക് സോഫർ, കോലെറ്റ് അവിതാൽ, റാഫി ഗാംസു, യേൽ ഹെർസൽ, നദവ് തമിർ എന്നിവരുൾപ്പെടെ 12 മുൻ അംബാസഡർമാരും ഉൾപ്പെടുന്നു. ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളെ മോചിപ്പിക്കുന്നതിൽ ഖത്തർ നിർണായക പങ്ക് വഹിക്കുന്നത്. 
അതിനിടെ,  വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് ബന്ദികളായ ഇസ്രായിലികളിൽ മൂന്നാമത്തെ ബാച്ചിനെ മോചിപ്പിച്ചു. മൂന്ന് തായ്‌ലാന്റുകാരേയും റഷ്യൻ പൗരത്വമുള്ള ഒരാളെയും 13 ഇസ്രായിലികളെയുമാണ് മോചിപ്പിച്ചത്.  പകരം ഇസ്രായിൽ 39 ഫലസ്തീനികളെയും ജയിലുകളിൽനിന്ന് വിട്ടയച്ചു.
വെള്ളിയാഴ്ചയാണ് ബന്ദികളെയും തടവുകാരെയും മോചിപ്പിക്കാൻ ആരംഭിച്ചത്. ശനിയാഴ്ച ബന്ദികളെ വിട്ടയക്കുന്നത് ഹമാസ് വൈകിച്ചത് ആശങ്കയുണ്ടാക്കിയിരുന്നു. ഇസ്രായിൽ വെടിനിർത്തൽ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയാണ് ഹമാസ് ഇങ്ങനെ ചെയ്തത്. മാധ്യസ്ഥ്യം വഹിക്കുന്ന ഖത്തറും ഈജിപ്തും നടത്തിയ സത്വര ഇടപെടലിൽ അർധരാത്രിയോടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. 13 ഇസ്രായിലികളെയും നാല് തായ്‌ലാന്റുകാരെയുമാണ് ശനിയാഴ്ച രാത്രി മോചിപ്പിച്ചത്. പകരം 39 ഫലസ്തീൻ തടവുകാരെ പുലർച്ചയോടെ ഇസ്രായിലും വിട്ടയച്ചു.
ഇസ്രായിലുമായുള്ള യുദ്ധത്തിൽ മോസ്‌കോയുടെ നിലപാടിനെ അഭിനന്ദിച്ചാണ് റഷ്യൻ പൗരനെ മോചിപ്പിച്ചതെന്ന് ഹമാസ് പറഞ്ഞു.
അതിനിടെ, അധിനിവേശ വെസ്റ്റ് ബാങ്കിൽ ഒരു കുട്ടി ഉൾപ്പെടെ എട്ട് ഫലസ്തീനികളെ ഇസ്രായിൽ സൈന്യം കൊലപ്പെടുത്തിയതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം. ഒക്ടോബർ 7 മുതൽ വെസ്റ്റ് ബാങ്കിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം ഇതോടെ 239 ആയി. ശനിയാഴ്ച വൈകിട്ടും ഞായറാഴ്ചയുമായി ജെനിൻ നഗരത്തിൽ ഇസ്രായിൽ സൈന്യം അഞ്ച് ഫലസ്തീനികളെ വെടിവെച്ചു കൊന്നു. വെസ്റ്റ് ബാങ്കിൽ മറ്റു മൂന്ന് പേരെ കൂടി വധിച്ചതായി മന്ത്രാലയം പറഞ്ഞു. ജെനിനിൽ ഇസ്രായിൽ നടത്തിയ ആക്രമണത്തിൽ ആറ് ഫലസ്തീനികൾക്ക് പരിക്കേറ്റു.
പല ദിശകളിൽനിന്നും ജെനിനെ ആക്രമിച്ചു. സർക്കാർ ആശുപത്രികളും റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആസ്ഥാനവും ആക്രമണത്തിനിരയായി -ഫലസ്തീൻ വാർത്ത ഏജൻസിയായ വഫ പറഞ്ഞു. റിപ്പോർട്ടുകൾ  പരിശോധിച്ചു വരികയാണെന്ന് ഇസ്രായിൽ സൈനിക വക്താവിന്റെ ഓഫീസ് അറിയിച്ചു.
ഇസ്രായിൽ ആക്രമണത്തിൽ 6000 ത്തിലധികം കുട്ടികൾ ഉൾപ്പെടെ ഏകദേശം 15,000 ഫലസ്തീനികൾ കൊല്ലപ്പെട്ട ഗാസ മുനമ്പിൽ ഇസ്രായിലും ഹമാസും തമ്മിൽ നാല് ദിവസത്തെ വെടിനിർത്തൽ കരാർ നിലനിൽക്കേയാണ് ഈ ആക്രമണം.
രണ്ട് ഇന്ധന ട്രക്കുകളും രണ്ട് പാചക വാതക ട്രക്കുകളും ഉൾപ്പെടെ 120 സഹായ ട്രക്കുകൾ ഞായറാഴ്ച ഈജിപ്തിൽ നിന്ന് ഗാസയിലേക്ക് കടന്നതായി ഈജിപ്ത് പറഞ്ഞു. 
അതിനിടെ, ഏദൻ ഉൾക്കടലിൽ അജ്ഞാതർ ഇസ്രായിൽ ബന്ധമുള്ള ചരക്കുകപ്പൽ ഞായറാഴ്ച പിടിച്ചെടുത്തതായി കപ്പലിന്റെ മാനേജിംഗ് കമ്പനിയും യു.എസ് പ്രതിരോധ ഉദ്യോഗസ്ഥനും അറിയിച്ചു. ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം പശ്ചിമേഷ്യൻ കടലിൽ നടക്കുന്ന ആക്രമണങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണ് സെൻട്രൽ പാർക്ക് എന്ന കെമിക്കൽ ടാങ്കർ പിടിച്ചെടുത്തത്. 
കഴിഞ്ഞയാഴ്ച തെക്കൻ ചെങ്കടലിൽ യെമൻ ഹൂത്തികൾ ഇസ്രായിലുമായി ബന്ധമുള്ള ചരക്ക് കപ്പൽ പിടിച്ചെടുത്തിരുന്നു. ബാലിസ്റ്റിക് മിസൈലുകളും സായുധ ഡ്രോണുകളും ഇസ്രായിലിന് നേരെ തൊടുത്ത സംഘം, കൂടുതൽ ഇസ്രായിലി കപ്പലുകളെ ലക്ഷ്യം വെക്കുമെന്ന് വ്യക്തമാക്കിയിരുന്നു. യു.എസ് സേന സമീപത്തുണ്ടെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു.


 

Latest News