ന്യൂദല്‍ഹി- നേര്‍ക്കുനേരെ തോക്കു ചൂണ്ടിയപ്പോള്‍ ഭയന്നു വിറച്ചുപോയ തനിക്ക് ഓര്‍മ വന്നത് ഗൗരി ലങ്കേഷിനെയാണെന്ന് തലസ്ഥാനത്ത് വെടിവെപ്പില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ്.
ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിനു പുറത്തുവെച്ചാണ് ഉമര്‍ ഖാലിദിനുനേരെ ഇന്ന് ഉച്ചയോടെ അജ്ഞാതന്‍ നിറയൊഴിച്ചത്. പാര്‍ലമെന്റില്‍നിന്ന് 200 മീറ്റര്‍ മാത്രം അകലെ അതീവസുരക്ഷയുള്ള പ്രദേശത്താണ് ആള്‍ക്കൂട്ട കൊലകള്‍ക്കെതിരായ പ്രതിഷേധ റാലിയില്‍ പങ്കെടുക്കാനെത്തിയ ഉമര്‍ഖാലിദിനുനേരെ വധശ്രമം നടന്നത്.
തന്റെ ഗൗരി ലങ്കേഷ് നിമിഷം ആസന്നമായെന്നാണ് തോന്നിയതെന്ന് ഉമര്‍ ഖാലദി ദ ക്വിന്റിനോട് പറഞ്ഞു. ബംഗളൂരുവില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് ഹിന്ദുത്വ തീവ്രവാദികളുടെ വെടിയേറ്റു മരിച്ചതാണ് ഉമര്‍ അനുസ്മരിച്ചത്.
അക്രമിയെ കീഴ്‌പ്പെടുത്തി തന്റെ ജീവന്‍ രക്ഷിച്ച സുഹൃത്തുക്കളോട് നന്ദി പറയുകയാണെന്നും ഉമര്‍ ഖാലിദ് കൂട്ടിച്ചേര്‍ത്തു.
വിദ്വേഷ അക്രമത്തിനെതിരെ സംഘടിപ്പിച്ച പരിപാടിക്കുമുന്നോടിയായാണ് തന്നെ വകവരുത്താന്‍ ശ്രമിച്ചെതന്നതില്‍ അത്ഭുതം തോന്നുന്നില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി ചില മാധ്യമസ്ഥാപനങ്ങളുടെ നേതൃത്വതത്തില്‍ രാജ്യത്ത് വ്യാപകമായ വ്യാജ പ്രചാരണങ്ങളും വിദ്വേഷ പ്രചാരണങ്ങളുമാണ് നടത്തുന്നത്.
നിലവിലെ സര്‍ക്കാരിനെയോ അവരുടെ നയങ്ങളെയോ ചോദ്യം ചെയ്യുന്ന ആരേയും ദേശവിരുദ്ധനായി ചിത്രീകരിക്കുകയാണ്. ആള്‍ക്കൂട്ട കൊലകളുടേയും വിദ്വേഷ ആക്രമണങ്ങളുടേയും രൂപത്തിലുള്ള ഭീകരതയില്‍നിന്നുള്ള സ്വാതന്ത്ര്യമായിരുന്നു കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ സംഘടിപ്പിച്ച പരിപാടിയുടെ ലക്ഷ്യമെന്ന് ഉമര്‍ ഖാലിദ് പറഞ്ഞു.