എം. കരുണാനിധിയുടെ വിയോഗത്തോടെ ഡി.എം.കെയില്‍ പൊട്ടിത്തെറിയുടെ കാഹളം മുഴങ്ങുന്നതായി സൂചന. കരുണാനിധിയുടെ മക്കളായ എം.കെ. സ്റ്റാലിനും എം.കെ. അഴഗിരിയും തമ്മിലാണ് അധികാര വടംവലി തുടങ്ങിയത്. ഇതിന് മുന്നോടിയായി സ്റ്റാലിനെതിരെ പ്രസ്താവനയുമായി അഴഗിരി രംഗത്തെത്തിയിട്ടുണ്ട്.
യഥാര്‍ഥ അണികളെല്ലാം എനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കാലം എല്ലാറ്റിനും കൃത്യമായ മറുപടി നല്‍കും. സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ എനിക്ക് ദു:ഖമുണ്ട്. അഴഗിരി മാദ്ധ്യമങ്ങളോടു പറഞ്ഞു. മറീന ബീച്ചില്‍ കരുണാനിധിയെ സംസ്‌കരിച്ച സ്ഥലത്ത് എത്തിയതായിരുന്നു അഴഗിരി. ഡി.എം.കെയുടെ വര്‍ക്കിംഗ് പ്രസിഡന്റാണ് സ്റ്റാലിന്‍, എന്നാല്‍ അദ്ദേഹം വര്‍ക്ക് ചെയ്യുന്നില്ല-അഴഗിരി വ്യക്തമാക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ 2014ല്‍ അഴഗിരിയെ കരുണാനിധി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
അതേസമയം, ഡി.എം.കെ പ്രസിഡന്റായുള്ള സ്റ്റാലിന്റെ സ്ഥാനാരോഹണം ഉടന്‍ തന്നെയുണ്ടാകുമെന്നാണ് സൂചന. 14ന് ചേരുന്ന പാര്‍ട്ടി നിര്‍വാഹക യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.