ന്യൂദൽഹി- പാക്കിസ്ഥാൻ ബന്ധമുള്ള തീവ്രവാദ സംഘടനയായ ഗസ്‌വ ഇ ഹിന്ദുമായി ബന്ധപ്പെട്ട് കേരളത്തിൽ ഉൾപ്പെടെ നാലു സംസ്ഥാനങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടത്തി. പട്‌നയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു കോഴിക്കോട് ജില്ലയിലെ പരിശോധന. പട്‌നയിലെ ഫുൽവാരിഷരിഫ് പോലീസ് സ്‌റ്റേഷനിൽ 2022 ജൂലായ് 14ന് റജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം. പാക്ക് പൗരൻ നിർമിച്ച വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്ന മർഖൂബ് അഹമ്മദിനെ എൻ.ഐ.എ ഇവിടെനിന്ന് അറസ്റ്റ് ചെയ്തിരുന്നു.ക്രിമിനൽ ബന്ധം തെളിയിക്കുന്ന രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തതായി എൻ.ഐ.എ അറിയിച്ചു. മധ്യപ്രദേശിലെ ദെവാസ്, ഗുജറാത്തിലെ സോമനാഥ്, ഉത്തർപ്രദേശിലെ അസംഘട്ട് ജില്ലകളിലായിരുന്നു ഇന്ന് റെയ്ഡ് നടത്തിയത്. മൊബൈൽ ഫോണുകൾ, സിം കാർഡുകൾ എന്നിവയ്ക്ക് പുറമെ ചില സുപ്രധാന രേഖകളും കണ്ടെടുത്തതായി എൻ.ഐ.എ അറിയിച്ചു.
NIA Conducts Multi-State Raids in Pakistan Backed Gazwa-e-Hind Module Case pic.twitter.com/OeB0XkOS4a
— NIA India (@NIA_India) November 26, 2023
ഗ്രൂപ്പ് അഡ്മിനായിരുന്ന മർഖൂബ് ഇന്ത്യയ്ക്കു പുറമെ ബംഗ്ലദേശ്, പാക്കിസ്ഥാൻ, യെമൻ എന്നിവിടങ്ങളിൽനിന്നുള്ള പലരേയും ഗ്രൂപ്പിലേക്ക് ചേർത്തു. ടെലഗ്രാം ഉൾപ്പെടെ മറ്റ് സമൂഹ മാധ്യമങ്ങളിലും ഇയാൾ സജീവമായിരുന്നു. യുവാക്കളെ സ്വാധീനിച്ച് ഗസ്‌വ ഇ ഹിന്ദ് ഇന്ത്യയിൽ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് എൻ.ഐ.എ വ്യക്തമാക്കുന്നു.