തൃശൂര്‍- ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുല്ലപ്പൂ നല്‍കുന്നത് ഗുരുവായൂരില്‍ വഴിയോരത്ത് മുല്ലപ്പൂ കച്ചവടം നടത്തുന്ന ധന്യയാണ്. മുല്ലപ്പൂവ് നല്‍കുമ്പോള്‍ സുരേഷ് ഗോപിയെ കെട്ടിപ്പിടിച്ച് ഒരുവട്ടം അച്ഛാന്ന് വിളിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് ധന്യയിപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.
'ഞാന്‍ എന്റെ അച്ഛനെ കണ്ടിട്ട് രണ്ടര വര്‍ഷമായി. കല്യാണം കഴിഞ്ഞ ശേഷം ഇടയ്ക്കിടെ കാണാറുണ്ടെങ്കിലും, അച്ഛന്റെയടുത്ത് പോകുമ്പോള്‍ അച്ഛന്‍ എന്നോട് സംസാരിക്കാന്‍ കൂട്ടാക്കാറില്ല. സുരേഷേട്ടനെ കാണുമ്പോള്‍ ഒന്ന് കെട്ടിപ്പിടിച്ച് അച്ഛാന്ന് വിളിച്ചോട്ടെയെന്ന് അദ്ദേഹത്തോട് ചോദിക്കട്ടെയെന്ന് ഞാന്‍ ചേട്ടനോട് ചോദിച്ചു. ആയിക്കോട്ടെ, നീ ചെയ്‌തോന്ന് ചേട്ടന്‍ പറഞ്ഞു. പക്ഷേ അദ്ദേഹം എന്റെ അടുത്തുവന്നപ്പോള്‍ എനിക്ക് ഒന്നിനും സാധിച്ചില്ല. ഇപ്പോഴും ഞാന്‍ പറയുന്നു, ആ മുല്ലപ്പൂവ് ഏല്‍പ്പിക്കുമ്പോള്‍ എനിക്കൊന്ന് കെട്ടിപ്പിടിക്കണം. അച്ഛാന്ന് ഒരുവട്ടം വിളിക്കണം. വലിയ ആഗ്രഹമാണ്- ധന്യ പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് ഗുരുവായൂരിലെത്തിയ സുരേഷ് ഗോപി ധന്യയേയും ഭര്‍ത്താവ് സനീഷിനെയും കുഞ്ഞിനെയും കണ്ടിരുന്നു. ധന്യ കുഞ്ഞുമായി ക്ഷേത്രനടയില്‍ നില്‍ക്കുന്നത് വേദനയുള്ള കാഴ്ചയാണെന്നും പക്ഷേ, അത് അവര്‍ക്ക് ഒഴിവാക്കാന്‍ പറ്റില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. അപ്പോഴാണ് മകളുടെ കല്യാണത്തിന് മുല്ലപ്പൂ നല്‍കാന്‍ ധന്യയെ ഏല്‍പിച്ചത്. ഹൃദ്രോഗിയായ സനീഷിന്റെ ചികിത്സക്കുള്ള പണം കണ്ടെത്താനും കുടുംബം പോറ്റാനുമാണ് ധന്യ മുല്ലപ്പൂവ് കച്ചവടം നടത്തുന്നത്.