Sorry, you need to enable JavaScript to visit this website.

ബില്ലുകളില്‍ ഒപ്പിടുന്ന കാര്യത്തില്‍ സുപ്രീം കോടതി നിര്‍ദ്ദേശം പാലിക്കുമെന്ന് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം - നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടുന്നതില്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശം പാലിക്കുമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീം കോടതി വിശുദ്ധ പശുവാണ്. കോടതിയുടെ നിര്‍ദേശം എന്തായാലും പാലിക്കും എന്നും അദ്ദേഹം പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെക്കാനോ വീറ്റോ ചെയ്യാനോ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ പരാതിയില്‍ സുപ്രീം കോടതി വിധിച്ചത്. ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്ന ഗവര്‍ണ്ണര്‍മാര്‍ക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു. നിയമസഭ ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞിരുന്നു. പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ പരാതിയ്ക്ക് സമാനമായി കേരളം നല്‍കിയ പരാതിയില്‍ പഞ്ചാബ് കേസിലെ വിധി പഠിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ സുപ്രീം കോടതി കേരള ഗവര്‍ണ്ണറുടെ സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പഞ്ചാബ് വിധി പരിശോധിക്കാന്‍ പറഞ്ഞത് സെക്രട്ടറിയോടാണ്. പരിശോധിച്ചോ എന്നത് സെക്രട്ടറിയോട് ചോദിക്കൂവെന്നായിരുന്നു ഗവര്‍ണ്ണറുടെ മറുപടി. സെക്രട്ടറിക്ക് വേണ്ടി താന്‍ മറുപടി പറയില്ല. കോടതി വിധി കൈവശമുണ്ടെങ്കില്‍ തനിക്ക് അതിന്റെ കോപ്പി തരാനും ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  കേസുകള്‍ പരമോന്നത കോടതിയില്‍ എത്തുന്നത് വരെ കാത്തിരിക്കാതെ ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ തീരുമാനമെടുക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിന്യായത്തില്‍ പറഞ്ഞിരുന്നു.

 

Latest News