ന്യൂദല്‍ഹി- ഉത്തര്‍ പ്രദേശിലെ ഹാപൂരില്‍ ജൂണ്‍ 18-ന് സംഘപരിവാര്‍ അനൂകൂല ഗോരക്ഷാ ഗുണ്ടകള്‍ നടത്തിയ ആള്‍ക്കൂട്ട മര്‍ദനത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട വയോധികനായ സമിഉദ്ദീന് മതിയായ സുരക്ഷ നല്‍കണമെന്ന് മീററ്റ് പോലീസിനോട് സുപ്രീം കോടതി ഉത്തരവിട്ടു. മര്‍ദനമേറ്റ് ഖാസിം എന്ന കാലി വ്യാപാരി കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ റിപോര്‍ട്ട് നല്‍കണമെന്നും സുപ്രീം കോടതി പോലീസിനോട് ആവശ്യപ്പെട്ടു. എന്‍.ഡി.ടി.വി ഈയിടെ നടത്തിയ ഒളിക്യാമറ ഓപറേഷനില്‍ കേസിലെ മുഖ്യപ്രതിയായ രാകേഷ് സിസോദിയ ഖാസിമിനേയും സമിഉദ്ദീനേയും മര്‍ദിച്ചെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തല്‍ കണക്കിലെടുത്താണ് സമിഉദ്ദീന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിച്ചത്. സംഭവം നടക്കുമ്പോള്‍ സ്ഥലത്തില്ലായിരുന്നുവെന്നും മര്‍ദനത്തില്‍ പങ്കില്ലെന്നും വാദിച്ച് പ്രതി സിസോദിയ കോടതിയില്‍ നിന്ന് ജാമ്യം നേടിയിറങ്ങിയിരുന്നു.