ഡെറാഡൂണ്‍ - ഉത്തരാഖണ്ഡിലെ സില്‍ക്കാര ടണലില്‍ 41 തൊഴിലാളികള്‍ കുടുങ്ങിയിട്ട് ഇന്ന് പതിനഞ്ച് ദിവസം പിന്നിട്ടിട്ടെങ്കിലും രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും പ്രതിസന്ധിയില്‍. രക്ഷാപ്രവര്‍ത്തനത്തിന്റെ അവസാന ഘട്ടത്തില്‍ സ്ഥാപിച്ച പൈപ്പില്‍ തുരക്കുന്ന യന്ത്രം കുടുങ്ങിയതോടെ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള നീക്കം പ്രതിസന്ധിയിലാകുകയായിരുന്നു. കുടുങ്ങിയ യന്ത്ര ഭാഗങ്ങള്‍ പൂര്‍ണമായും മുറിച്ചു നീക്കാനാണ് ഇപ്പോള്‍ ശ്രമം നടത്തുന്നത് .അതിനുശേഷമായിരിക്കും ഡ്രില്ലിംഗ് പുനരാരംഭിക്കുക. യന്ത്ര ഭാഗം നീക്കിയ ശേഷം മാത്രമേ വിദഗ്ധര്‍ക്ക് പൈപ്പില്‍ കയറി ഇരുമ്പ് കമ്പിയും സ്റ്റീല്‍ ഭാഗങ്ങളും മുറിക്കാനാകൂ. ഓഗര്‍ മെഷീന്‍ തകരാറിലായ സാഹചര്യത്തില്‍ വിദഗ്ധരെ ഉപയോഗിച്ച് നേരിട്ടാണ് ഡ്രില്ലിംഗ് നടത്തുന്നത്. വനമേഖലയില്‍ നിന്ന് ലംബമായി കുഴിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. തുരങ്കം വഴിയുള്ള രക്ഷാദൗത്യം പൂര്‍ണ്ണമായും പരാജയപ്പെട്ടാല്‍ മാത്രമായിരിക്കും ലംബമായി കുഴിക്കുന്നത് തുടങ്ങുക. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ട്രയല്‍ റണ്‍ കഴിഞ്ഞദിവസം നടന്നിരുന്നു. തുരങ്കത്തില്‍ നിന്ന് ആളുകളെ രക്ഷിച്ച് കൊണ്ട് വരുന്നതിന്റെ ട്രയലാണ് നടന്നത്. നേരത്തെ നിര്‍ത്തി വെച്ചിരുന്ന ഡ്രല്ലിംഗ് വൈകാതെ പുനരാരംഭിക്കുമെന്ന് ദൗത്യസംഘം അറിയിച്ചു. പുറത്തെത്തിക്കുന്ന തൊഴിലാളികളുടെ ചികിത്സക്കായി 41 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ഉത്തരകാശിയില്‍ ടണലിനടുത്തുള്ള ചിന്യാലിസൗറിലാണ് ആശുപത്രി സജ്ജീകരിച്ചത്.