ചെന്നൈ- മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ കാറിനെ ഓവര്‍ടേക്ക് ചെയ്ത് ഡ്രൈവറെ തെറിവിളിച്ചതിന് അഭിഭാഷക ദമ്പതികളെ തമിഴ്‌നാട്, പുതുച്ചേരി ബാര്‍ കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തു. മോശം പെരുമാറ്റം സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷകരായ തിരുമതി എല്‍. ശിഖ, ഭര്‍ത്താവ് എസ്. ഷാഹുല്‍ ഹമീദ് എന്നിവരുടെ ലൈസന്‍സ് ബാര്‍ കൗണ്‍സില്‍ 15 ദിവസത്തേക്ക് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തത്. ഇതിനകം തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ പരാതി അഭിഭാഷക നിയമപ്രകാരം തുടരന്വേഷണത്തിനായി അച്ചടക്ക സമിതിക്കു വിടുമെന്നും ബാര്‍ കൗണ്‍സില്‍ മുന്നറിയിപ്പു നല്‍കി.
ഹൈക്കോടതി ജഡ്ജിയുടെ പേഴ്‌സണല്‍ സെക്യുരിറ്റി ഓഫീസര്‍ നല്‍കിയ പരാതിയിലാണ് നടപടി. ജൂലൈ 30-നാണ് സംഭവം നടന്നതെന്ന് ഈ പരാതിയില്‍ പറയുന്നു. ഷാഹുല്‍ ഹമീദാണ് കാര്‍ ഓടിച്ചിരുന്നത്. ഇദ്ദേഹം ജഡ്ജിയുടെ കാറിനെ ഓവര്‍ടേക്ക് ചെയ്ത് വിലങ്ങിട്ട് നിര്‍ത്തിക്കുകയും ഡ്രൈവറെ തെറിവിളിക്കുകയും ചെയ്‌തെന്നാണ് പരാതി. ഈ സംഭവം നടന്ന് മൂന്ന് ദിവസത്തിനു ശേഷം അഭിഭാഷക ദമ്പതികള്‍ ജഡ്ജിയുടെ വീട്ടിലെത്തി വീണ്ടും ഡ്രൈവറെ മോശം ഭാഷയില്‍ ചീത്തവിളിച്ചുവെന്നും പരാതിയില്‍ പറയുന്നു.